ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പിണറായി സർക്കാരിൻ്റെ ഇരുട്ടടി; പഠനം മുടങ്ങുമെന്ന ആശങ്കയിൽ നിരവധിപ്പേർ; ചരിത്രത്തിലാദ്യമായി സ്കോളർഷിപ്പ് വെട്ടിച്ചുരുക്കി

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് തിരിച്ചടി നൽകുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് നേർപകുതിയാക്കി ചുരുക്കി. ഈ മാസം 15നാണ് അമ്പത് ശതമാനം വെട്ടിക്കുറച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പല കുട്ടികളുടെയും പഠനം പോലും മുടങ്ങുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തടഞ്ഞുവെച്ചെന്ന ആരോപണം ഉയരുന്നതിന് ഇടയിലാണ് പുതിയ തിരുമാനം. ഇത് വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കാനാണ് സാധ്യത. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ചരിത്രവും അവരുടെ അവകാശങ്ങളും വെട്ടിമാറ്റാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം ആവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാരാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രൊഫ ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ്, സി.എ, ഐ സി ഡബ്ല്യു എ സ്കോളർഷിപ്പ്, യുജിസി, സി എസ് ആർ, നെറ്റ് കോച്ചിംഗ്, ഐറ്റി സി ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, മദർ തെരേസ സ്കോളർഷിപ്പ്, എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ് എന്നീ ഒമ്പത് സ്കോളർഷിപ്പുകളാണ് പകുതിയായി വെട്ടികുറച്ചത്.

സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കുന്നത് സംസ്ഥാനത്തിൽ ചരിത്രത്തിൽ അപൂർവ്വമാണ്. 50 ശതമാനം വെട്ടി കുറച്ച തുകയിൽ നിന്ന് പോലും നൽകിയിരിക്കുന്നത് വെറും 2.69 ശതമാനം ആണെന്ന് പ്ലാനിംഗ് ബോർഡ് രേഖകളും നിന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ധനവകുപ്പ്, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകുല്യം വെട്ടിക്കുറച്ചതും തടഞ്ഞുവെച്ചിരിക്കുന്നതും.

87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 2024-25 ലെ പദ്ധതിയില്‍ വകയിരുത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടു മാസം മാത്രം ബാക്കിയിരിക്കെ ചെലവഴിച്ചത് കേവലം 2.69 ശതമാനം തുക മാത്രമാണ്. സിഎ/ഐസിഡബ്ല്യുഎ കോഴ്സ് ചെയ്യുന്നവര്‍ക്ക് 97 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും ഇതുവരെ നൽകിയിട്ടില്ല.

മൂന്നു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നവര്‍ക്ക് അനുവദിച്ച 82 ലക്ഷം രൂപയില്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. കരിയര്‍ ഗൈഡന്‍സിന് 1.20 കോടി, നൈപുണ്യ പരിശീലനത്തിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് 20 കോടി, നഴ്സിങ് /പാരാ മെഡിക്കല്‍ കോഴ്സ് ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല. ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകേണ്ട സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിയെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് തുക വെട്ടിക്കുറച്ചതായിട്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

സ്കോളർഷിപ്പ് നിലവിലുള്ളത്വെട്ടിക്കുറച്ചത്

1.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് – 5,24,00,000 – 2,62,00,000

2.സിവില്‍ സർവീസ് ഫീ റീ ഇംബേഴ്സ്മെന്റ് – 20,00,000 – 10,00,000

3.വിദേശ സ്കോളർഷിപ്പ് – 1,70,00,000 – 85,00,000

4.ഐടിടി/ഐഐഎം സ്കോളർഷിപ്പ് – 20,00,000 – 10,00,000

5.സിഎ/ഐസിഡബ്ലൂഎ/സിഎസ് സ്കോളർഷിപ്പ് – 57,75,000- 28,87,500

6.യുജിസി/ നെറ്റ് കോച്ചിങ് – 19,17,536 – 9,58,768

7.ഐടിസി ഫീസ് റീ ഇംബേഴ്സമെന്റ് – 4,02,00,000 – 2,01,00,000

8.മദർ തെരേസ് സ്കോളർഷിപ് – 67,51,620 – 33,75,810

9.എപിജെ അബ്ദുല്‍കലാം സ്കോളർഷിപ്പ് – 82,00,000 – 41,00,000

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top