പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ? നീലലോഹിതദാസ് മുതൽ എൽദോസ് വരെയുള്ളവർ സൃഷ്ടിച്ച കീഴ്‌വഴക്കമോ

ലൈംഗിക പീഡനപരാതികൾ ഉയർന്നാലുടനെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്. ജന പ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ എംഎൽഎയെയോ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാൽ സ്ഥാനം ഉടൻ നഷ്ടമാകും. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി അപകീർത്തിക്കേസിൽ ശിക്ഷിച്ചതിൻ്റെ പേരിൽ എംപി സ്ഥാനം നഷ്ടമായി. അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരിൽ മാത്രം എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല.

മുമ്പും പല ജനപ്രതിനിധികളും പീഡനക്കേസുകളിൽ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎൽഎ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ പാരമ്പര്യമോ കേരള നിയമസഭയിൽ ഉണ്ടായിട്ടില്ല. 1996-2001 കാലത്ത് നായനാർ മന്ത്രിസഭയിലെ അംഗമായിരുന്ന നീലലോഹിതദാസൻ നാടാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായി. പക്ഷേ അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടർന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ തയ്യാറായതുമില്ല, ആരും ആവശ്യപ്പെട്ടതുമില്ല.

കുപ്രസിദ്ധമായ കോഴിക്കോട് ഐസ്ക്രീം പാർലർക്കേസിൽ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം വന്നപ്പോൾ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎയായി തുടർന്നു. 2006ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമായിരുന്ന പിജെ ജോസഫ് വിമാനയാത്രക്കിടയിൽ യാത്രക്കാരിയെ കയറിപ്പിടിച്ചു എന്ന ആരോപണം വന്നപ്പോൾ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനത്ത് തുടർന്നു.

ഗാർഹിക പീഡന പരാതിയുടെ പേരിൽ കെബി ഗണേശ് കുമാറിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നെങ്കിലും എംഎൽഎയായി തുടർന്നു. ആരും രാജി ചോദിച്ചില്ല. മുൻ മന്ത്രിയും ജനതാദൾ നേതാവും എംഎൽഎയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ ഒരു യുവതി പീഡനപരാതി ഉന്നയിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളും പുറത്തുവന്ന് വൻ വിവാദമായെങ്കിലും പക്ഷേ തെറ്റയിൽ എംഎൽഎ സ്ഥാനം രാജിവച്ചില്ല.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടനാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം ഉയർന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും ശശീന്ദ്രൻ എംഎൽഎയായി തുടർന്നു. ഇതേ കാലഘട്ടത്തിലാണ് സിപിഎം നേതാവും ഷൊർണ്ണൂർ എംഎൽഎയുമായ പികെ ശശിക്കെതിരെ പാർട്ടിക്കുള്ളിൽ പീഡനപരാതി ഉയർന്നത്. ഡിവൈഎഫ്ഐ നേതാവായ യുവതിയാണ് പാർട്ടിക്ക് പരാതി നൽകിയത്. എകെ ബാലൻ, പി കെ ശ്രീമതി എന്നിവരെ പാർട്ടി അന്വേഷണക്കമ്മീഷനായി നിയമിച്ചു. തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകി ശശിയെ രക്ഷിച്ചു. അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടർന്നു.

സോളാർ വിവാദത്തിൽ ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, എപി അനിൽകുമാർ, കെസി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അബ്ദു ള്ളക്കുട്ടി എന്നീ എംഎൽഎമാരും ജോസ് കെ മാണി എംപിയും ആരോപണവിധേയരായി, ഒടുവിൽ കേസും വന്നു. അപ്പോഴും അവരാരും സ്ഥാനങ്ങൾ രാജിവയ്ക്കേണ്ടി വന്നില്ല. 2017ൽ വിഴിഞ്ഞം എംഎൽഎയായ കോൺഗ്രസ് നേതാവ് എം വിൻസൻ്റ് പീഡനക്കേസിൽ പ്രതിയായി ജയിലിൽ കിടന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അതുണ്ടായില്ല. 2022ൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പീഡനക്കേസിൽ പ്രതിയായെങ്കിലും ഇപ്പോഴും എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.

ക്രിമിനൽ കേസുകളിൽ രണ്ട് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാത്ത കാലത്തോളം സാങ്കേതികമായും നിയമപരമായും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കേണ്ടതില്ല. ആരോപണങ്ങൾ ഉയർന്നാലുടൻ രാജിവെക്കുന്നതിനോട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ടീയ പാർട്ടികൾ യോജിക്കുന്നില്ല. അക്കാര്യത്തിൽ അവരെല്ലാം ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട മുകഷേിന്റെ നില തത്കാലം സുരക്ഷിതമാണ്. പേരിന് ചില പ്രതിഷേധങ്ങള്‍ ഉയരും എന്നേ കണക്കാക്കേണ്ടതുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top