പി.ആർ.ശ്രീജേഷിന് ഐഎഎസ്? ചട്ടത്തിൽ വ്യവസ്ഥയില്ല; ഒളിമ്പിക് അസോസിയേഷൻ്റെ ആവശ്യം എങ്ങനെ നടപ്പാകും

അതികഠിനമായ പരീക്ഷകളുടെ കടമ്പ കടന്ന് വരുന്നവർക്ക് കിട്ടുന്നതാണ് ഐഎഎസ്. അല്ലെങ്കില്‍ സര്‍ക്കാരിലെ ഏതെങ്കിലും വകുപ്പിൽ അണ്ടര്‍ സെക്രട്ടറിതലം വരെയെങ്കിലും പ്രവൃത്തി പരിചയം നേടിയാൽ സർക്കാരിൻ്റെ ശുപാർശയിലൂടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് കടന്നുവരാം. ഒരു താരത്തിനും കായിക മികവിൻ്റെ പേരിൽ ഐഎഎസോ ഐപിഎസോ കൊടുത്ത ചരിത്രം രാജ്യത്തില്ല. ഇതിനിടെയാണ് പി.ആര്‍.ശ്രീജേഷെന്ന ഇന്ത്യന്‍ ഹോക്കി ഇതിഹാസത്തിന് ഐഎഎസ് നല്‍കണമെന്ന് ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്. അതിന് വകുപ്പ് ഉണ്ടായിരുന്നെങ്കിൽ കായിക മെഡലുകള്‍ നേടിയ പ്രതിഭകളെ കൊണ്ട് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് നിറയുമായിരുന്നു. നിലവിലെ ചട്ടംപ്രകാരം അങ്ങനെ ഒരു കായിക താരത്തെയും നേരിട്ട് സിവില്‍ സര്‍വ്വീസിലേക്ക് എത്തിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയുകയില്ല.

പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിന് വെങ്കല മെഡല്‍ നേടിത്തന്ന പി.ആര്‍.ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്ന കേരള ഒളിമ്പിക് അസോസിയേഷന്‍ ശുപാര്‍ശ ഉദ്യോഗസ്ഥ വൃന്ദത്തെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ് ഇപ്പോള്‍. നേരിട്ട് പരീക്ഷ എഴുതി ഐഎഎസ് എടുക്കുന്നവരും സര്‍വ്വീസിലിരുന്ന് അത് നേടുന്നവരുമുണ്ട്. സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറി പദവിയില്‍ ഏഴുവർഷം പ്രവൃത്തിപരിചയം ഉള്ളവരെയാണ് കണ്‍ഫേർഡ് ഐഎഎസിന് പരിഗണിക്കാറുള്ളത്. സംസ്ഥാനങ്ങൾക്ക് പ്രത്യേക ക്വാട്ടയുണ്ട്. ഇതിലെ ഒഴിവിലേക്ക് സര്‍ക്കാര്‍ അപേക്ഷ ക്ഷണിക്കും. അപേക്ഷിക്കുന്നവരില്‍ നിന്ന് ഷോര്‍ട് ലിസ്റ്റ് കേന്ദ്രത്തിന് കൈമാറും. അതില്‍ നിന്ന് അഭിമുഖവും മറ്റും നടത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് ഐഎഎസ് നല്‍കാറുള്ളത്. അതുകൊണ്ട് തന്നെ ഈ നടപടിക്രമങ്ങളിലൂടെ അല്ലാതെ ആരേയും ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാനങ്ങൾക്ക് കഴിയില്ല.

2020ലെ ടോക്കിയോ ഒളിംപിക്‌സിലും 2024ലെ പാരീസ് ഒളിംപിക്‌സിലും ഹോക്കിയില്‍ ഇന്ത്യയുടെ ഗോള്‍ വലയം കാത്ത ശ്രീജേഷിന്റെ അചഞ്ചലമായ പ്രകടനം രാജ്യം അംഗീകരിക്കുന്നതാണ്. ഈ രണ്ട് ഒളിംപിക്‌സിലും വെങ്കല മെഡലുകള്‍ കരസ്ഥമാക്കുകയും മൂന്നു ഏഷ്യന്‍ ഗെയിംസുകളില്‍ രണ്ടു സ്വര്‍ണ മെഡലുകളും ഒരു വെങ്കലവും കരസ്ഥമാക്കുകയും ചെയ്ത മലയാളിയുടെ അഭിമാനവുമാണ് ശ്രീജേഷ്. രണ്ടു ഒളിംപിക്‌സിലും മെഡല്‍ നേടുന്ന ആദ്യ മലയാളിയായ പി.ആര്‍.ശ്രീജേഷ്, ലോക കായികരംഗത്ത് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തുകയുമുണ്ടായി. അഞ്ച് ഏഷ്യന്‍ ചാംപ്യന്‍ഷിപ് ട്രോഫികളിലായി നാല് സ്വര്‍ണ മെഡലും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. ഇതൊന്നും പക്ഷെ ഐഎഎസ് നൽകാനുള്ള ഘടകങ്ങളായി ആരുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെയും പരിഗണിച്ചിട്ടില്ല.

കായികരംഗത്തെ പി.ആര്‍.ശ്രീജേഷിന്റെ പ്രകടനത്തിന്റെ അംഗീകാരം എന്ന നിലയില്‍ 2015ല്‍ അര്‍ജുന അവാര്‍ഡ്, 2017ല്‍ പത്മശ്രീ പുരസ്‌കാരം, 2021ല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്നിവ നല്‍കി ആദരിക്കുകയുണ്ടായി. ഇത്തരം പുരസ്‌കാരങ്ങളാണ് സാധാരണ കായികമികവിന് നല്‍കാറുള്ളത്. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് പി.ആര്‍.ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ദേശീയ കായിക ഇനമായ ഹോക്കിയിലെ അനിതര സാധാരണമായ പ്രകടനത്തിന്റെ അംഗീകാരം എന്ന നിലയില്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്നാണ് ഇപ്പോൾ അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കായികരംഗത്തെ മികവിൻ്റെ പേരിൽ പോലീസിൽ ജോലി നേടുകയും പിന്നീട് ഉദ്യോഗക്കയറ്റത്തിലൂടെ ഐപിഎസിൽ എത്തുകയും ചെയ്തവർ കേരളത്തിൽ ഉണ്ടായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഡയറക്ട് എസ്ഐ ആയി ജോലി നൽകി അംഗീകരിച്ച ജോസ് ജോർജ്, എസ്.ഗോപിനാഥ് തുടങ്ങിയവർ വിരമിക്കുമ്പോൾ ഐജി റാങ്കിൽ എത്തിയിരുന്നു. ഇരുവരും വോളിബോൾ താരങ്ങളായിരുന്നു. ഫുട്ബോളിലെ മികവിൻ്റെ പേരിൽ പോലീസിൽ പ്രവേശനം കിട്ടിയ ഐഎം വിജയൻ നിലവിൽ ഡിവൈഎസ്പി റാങ്കിലാണ്. അതായത് ഇവരിലാർക്കും നേരിട്ട് ഐഎഎസിലോ ഐപിഎസിലോ എത്താൻ വകുപ്പ് ഉണ്ടായിട്ടില്ല.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീജേഷ്. ഐഎഎസിന് പരിഗണിക്കാവുന്ന സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലാണ് ഇത്. അതുകൊണ്ട് തന്നെ മതിയായ സര്‍വ്വീസ് കൂടിയുണ്ടെങ്കില്‍ ശ്രീജേഷിന് ഐഎഎസ് കണ്‍ഫര്‍ ചെയ്യാന്‍ അപേക്ഷിക്കാം. അഭിമുഖം അടക്കമുള്ളവയിൽ മികവ് കാട്ടിയാല്‍ ആ പദവിയില്‍ എത്താം. ഇവിടെയും ഒളിമ്പിക് അസോസിയേഷന്‍ ശുപാര്‍ശ കൊണ്ട് കാര്യമുണ്ടാകില്ല. ഈ ശുപാർശ അനവസരത്തിലുള്ളതും ശ്രീജേഷ് എന്ന പ്രതിഭയുടെ മികവിനെ ചെറുതാക്കി കളയുന്നതുമായി എന്ന അഭിപ്രായം ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top