പണമില്ലെങ്കില്‍ സര്‍ക്കാര്‍ വണ്ടി ഓടണ്ട; കുടിശിക തീര്‍ത്തില്ലെങ്കില്‍ ജനുവരി മുതല്‍ ഇന്ധനം നല്‍കില്ലെന്ന് പമ്പുടമകളുടെ സംഘടന

തിരുവനന്തപുരം : ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ പമ്പുടമകളുടെ സംഘടന. ഒരു വര്‍ഷത്തിലധികമായി ഇന്ധനം അടിച്ചതിന്റെ പണം കുടിശ്ശികയായതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകള്‍ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കിട്ടാനുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കി.

പൊലീസ്, ഫയര്‍ഫോഴ്‌സ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നല്‍കുന്നില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് നേതാവ് ടോമി തോമസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പണമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അടിയന്തര സേവനം എന്ന നിലയില്‍ ചെറിയ നഷ്ടം സഹിക്കാന്‍ പമ്പുടമകള്‍ തയാറാണ്. എന്നാല്‍ കുടിശിക വലിയ രീതിയില്‍ കൂടുമ്പോള്‍ നഷ്ടവും കൂടുകയാണ്. പൊതുമേഖല എണ്ണ കമ്പനികള്‍ പമ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കുമ്പോള്‍ 18 ശതമാനം പലിശയാണ് ഈടാക്കുന്നത്. സര്‍ക്കാറില്‍ നിന്ന് വലിയ കുടിശ്ശികയുണ്ടാകുമ്പോള്‍ പമ്പുടകള്‍ക്ക് അത് താങ്ങാന്‍ കഴിയുന്നില്ല. പണം നല്‍കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് പോലും അധികൃതര്‍ തയാറാകുന്നില്ലെന്നും ടോമി തോമസ് പറഞ്ഞു. സംഘടന ഇത്തരത്തിലൊരു തീരുമാനമെടുത്തെങ്കിലും പമ്പുടമകള്‍ക്ക് ഇന്ധം നല്‍കണോ വേണ്ടയോ എന്നതില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്നും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കി.

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംസ്ഥാനത്തെ സംഘടനയിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top