പോലീസ് സൈബർ ഡിവിഷൻ ചൊവ്വാഴ്ച മുതൽ; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക വിഭാഗം; ആദ്യഘട്ടത്തിൽ രണ്ട് എസ്പിമാരുടെ കീഴിൽ 446 പേർ
തിരുവനന്തപുരം: ക്രൈംബ്രാഞ്ച്, വിജിലൻസ് മാതൃകയിൽ പോലീസിൽ രൂപീകരിക്കുന്ന പുതിയ സൈബർ ഡിവിഷൻ വരുന്ന ചൊവ്വാഴ്ച നിലവിൽവരും. രണ്ട് എസ്പിമാരുടെ നേതൃത്വത്തിൽ നാല് ഡിവൈഎസ്പിമാരും 13 സിഐമാരും അടക്കം 466 പേരാകും സൈബർ ഡിവിഷനിൽ ഉണ്ടാകുക. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമാകുന്നില്ല എന്ന യാഥാർത്ഥ്യം പരിഗണിച്ചാണ് പ്രത്യേക വിഭാഗത്തിന് അനുമതിയായത്. തിരുവനന്തപുരത്ത് ആസ്ഥാനത്തിന് പുറമെ ജില്ലകളിലും റേഞ്ച് തലങ്ങളിലും പുതിയ സൈബർ ഡിവിഷന് ഓഫീസുകളുണ്ടാകും.
തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരുടെ പരിശീലനം സാങ്കേതികമേഖലയിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളിലാണ് പൂർത്തിയാക്കിയത്. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (NTRO), ബെംഗളൂരുവിലെ ഡേറ്റ സെക്യൂരിറ്റി കൌൺസിൽ ഓഫ് ഇന്ത്യ (DSCI), ബിഎസ്എൻഎൽ, കൊച്ചി കുസാറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം എന്നിവിടങ്ങളിലായിരുന്നു പരിശീലനം. സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, നെറ്റ‌് വർക്ക് സുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ്റ്, ഡിജിറ്റൽ ഫോറൻസിക് മുതലായ മേഖലകളിൽ പ്രാവീണ്യമുള്ളവരെയാണ് പുതിയ ഡിവിഷനിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്.
സർക്കാരിന് അധിക ബാധ്യതയുണ്ടാകാത്ത വിധം നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചാണ് സൈബർ ഡിവിഷന് ആവശ്യമായ തസ്തിതകകൾ കണ്ടെത്തിയത്. ഇക്കാരണം കൊണ്ട് തന്നെ അനുമതി നേടിയെടുക്കാൻ എളുപ്പത്തിൽ കഴിഞ്ഞു. നിലവിലെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്നും സിവിൽ പോലീസിൽ നിന്നും കണ്ടെത്താവുന്നവയ്ക്ക് പുറമെ, ബറ്റാലിയനുകൾ അടക്കം വിഭാഗങ്ങളിൽ നിർത്തലാക്കിയ തസ്തികകളും ചേർത്താണ് അംഗബലം ഉണ്ടാക്കിയത്. സൈബർ ഓപ്പറേഷൻ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ സൈബർ ഡിവിഷൻ ആസ്ഥാനത്ത് പ്രവർത്തിക്കും. കൂടാതെ സൈബർ പട്രോൾ, സൈബർ സ്റ്റേഷനുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളും തുടക്കത്തിൽ സൈബർ ഡിവിഷൻ്റെ ഭാഗമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here