‘S-കത്തി’ വിടാതെ പോലീസ് ഇന്നും; ഇരട്ടക്കൊലയിൽ പോലീസിനെ തൊലിയുരിച്ച് സിബിഐ; വ്യാജ തെളിവുണ്ടാക്കി പാവങ്ങളെ കുടുക്കുന്ന ഭീകരത വീണ്ടും
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കി നാട്ടുകാരുടെ മുന്നിൽ മിടുക്ക് തെളിയിക്കുന്ന കേരള പോലീസിൻ്റെ നൂറ്റാണ്ട് പഴക്കമുള്ള പ്രാകൃതമുറ പിന്നെയും. വ്യാജ തെളിവുണ്ടാക്കി കൊലക്കേസിൽ പോലും ഇങ്ങനെ നിരപരാധികളെ പ്രതിയാക്കി ജീവിതം തുലയ്ക്കാൻ ഈകാലത്തും ഇവർക്കാർക്കും മനസാക്ഷി ലവലേശമില്ല എന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവങ്ങൾ ആണ് ഇരയാകുന്നത് അത്രയും. ഭാഷയുമറിയാത്ത ഇതര സംസ്ഥാനക്കാർ ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട.
പോലീസിനെക്കുറിച്ച് ഒത്തിരിയേറെ തവണ പറഞ്ഞിട്ടുള്ള ഇക്കാര്യങ്ങൾ ഇപ്പോൾ വീണ്ടും പറയേണ്ടി വരുന്നത് 2014ലെ റാന്നി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ്. തുടക്കത്തിൽ തന്നെ ഒരു ശാസ്ത്രിയ പരിശോധനക്കും മുൻപേ, മരിച്ച 75കാരൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തതാണെന്ന് തീരുമാനിക്കുന്നു, പിന്നീട് അതല്ല എന്ന് വൈകി മനസിലാക്കിയപ്പോൾ ഒരാളെ പിടികൂടുന്നു, അവൻ്റെ വെറുംവാക്ക് കേട്ട് പിടികൂടാൻ സഹായിച്ചവനെ തന്നെ തട്ടി അകത്തിടുന്നു, അങ്ങനെ ആകെ മൂന്ന് ഭീകരന്മാരെ കേരള പോലീസ് പിടികൂടിയെന്ന് മേനി നടിക്കുന്നു, പിന്നെയാണ് തെളിവ് അന്വേഷണം, അതില്ലെന്ന് മനസിലാക്കിയാൽ ഉടനെ കള്ളത്തെളിവ് ഉണ്ടാക്കലായി, അതിനായി ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുൻപേ വൻ വിവാദമായൊരു കേസിൽ ചെയ്തത് പോലെ വ്യാജ കൊലക്കത്തി ഉണ്ടാക്കുന്നു, അതും പോരാഞ്ഞ് പ്രതിയെന്ന് പറഞ്ഞ് അകത്താക്കിയ ഒരുഗതിയും പരഗതിയും ഇല്ലാത്ത ഉത്തർ പ്രദേശുകാരൻ്റെ കൂരയിൽ ഇടിച്ചുകയറി പെറ്റമ്മയുടെ കയ്യിൽ കിടന്ന വള പോലും തൊണ്ടിയാണെന്ന് പറഞ്ഞ് പിടികൂടുന്നു, ഒടുക്കം അത് കോടതിയിൽ എത്തിച്ചപ്പോൾ സ്വർണമല്ലെന്നും കേസുമായി ഒരു ബന്ധവുമില്ലെന്നും മനസിലാക്കുന്നു. ഇത്ര സംഭവ ബഹുലവും ദയനീയവും ആയിരുന്നു കേസ് അന്വേഷണം. പലതിലും ഒരുപാട് ശാസ്ത്രീയമായി മുന്നോട്ട് പോയിക്കഴിഞ്ഞ കേരള പോലീസിനെ പിന്നെയും നാണക്കേടിൻ്റെ പടുകുഴിയിൽ തള്ളിയിടുന്ന ഇടപാടുകളുടെ, അന്വേഷണമെന്ന പേരിൽ നടത്തിയ പ്രഹസനങ്ങളുടെ യഥാർത്ഥചിത്രം വരച്ചുകാട്ടി സിബിഐ കോടതിയിൽ സമർപ്പിച്ച ഈ റിപ്പോർട്ടിലെ വസ്തുതകളാണ് മാധ്യമ സിൻഡിക്കറ്റ് ഇന്ന് പുറത്തുവിടുന്നത്.
വീഡിയോ സ്റ്റോറി കാണാം:
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here