‘മാനവീയ’ത്തിൽ ഇൻ്റലിജൻസ് മുന്നറിയിപ്പ്; ജാഗ്രത വേണം, സംഘർഷങ്ങൾ കൂടുന്നു

തിരുവനന്തപുരം: മാനവീയം വീഥിയിൽ ജാഗ്രത വേണമെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. നഗരമധ്യത്തിലെ ഈ 200 മീറ്റർ സ്ഥലത്ത് സംഘർഷങ്ങൾ അടിക്കടി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റിപ്പോർട്ട് നൽകിയത്. പരാതിപ്പെടാൻ പലരും മടിക്കുന്നത് കൊണ്ട് പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണ്. എന്നിട്ടും സ്ത്രീകളുടെ പരാതിയിലടക്കം കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇത്തരം വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ്, കർശന പോലീസ് നിരീക്ഷണം ഉണ്ടാകണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും ഇൻ്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയത് . ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ കൂട്ടത്തല്ല് ഉണ്ടായത്. നിലവിൽ സ്ഥാപിച്ചിട്ടുള്ള പോലീസ് എയ്ഡ്പോസ്റ്റ് മതിയാകില്ല എന്ന സൂചനയും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

നഗരങ്ങളിൽ രാത്രി തുറന്നുകിട്ടുന്ന ഇത്തരം സ്ഥലങ്ങൾ ഗുണ്ടകളും ക്രിമിനൽ സ്വഭാവമുള്ളവരും താവളമാക്കും. മറ്റിടങ്ങളിൽ സംശയകരമായി ആളുകളെ കണ്ടാൽ പേരിനെങ്കിലും പോലീസ് വിവരം തിരക്കുമെങ്കിൽ മാനവീയം പോലുള്ള ഒരിടത്ത് പോലീസിന് അതിന് കഴിയാതെ വരും. ഏത് ക്രിമിനൽ പരിപാടിക്ക് ആയാലും, നഗരത്തിൽ എവിടേക്ക് ആയാലും ഇവിടെ നിന്നിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാൻ കഴിയും.

നവീകരിച്ച് തുറന്നു കൊടുക്കുന്നതിന് മുൻപുള്ള കാലത്ത് ലഹരി ഉപയോഗിക്കുന്നവർ ഇവിടം തവളമാക്കിയിരുന്നു. അത്തരക്കാരുടെ സാന്നിധ്യം ഇനിയും ഉണ്ടാകാനിടയുണ്ട്. കുട്ടികൾ അടക്കം കുടുംബങ്ങളും സജീവമായി ഇവിടേക്ക് എത്താൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അവർക്കിടയിൽ നിന്ന് കുഴപ്പക്കാരെ കണ്ടെത്താനും കൈകാര്യം ചെയ്യാനും പോലീസിന് എളുപ്പമാകില്ല. ഇക്കാരണങ്ങൾ കൊണ്ട് മാനവീയം വീഥിയിൽ സന്ദർശകർക്ക് സമയം നിശ്ചയിക്കുന്നതാണ് ഉചിതം. ഏതാണ്ട് ഈ മട്ടിലായിരുന്നു ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം.

തുറന്നുകൊടുത്തതിന് ശേഷമുള്ള രണ്ടു മാസത്തിനിടെ മാനവീയം വീഥിയിൽ നിന്ന് മാത്രം അഞ്ച് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായി മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് അവഗണിക്കപ്പെട്ട വിവരവും പുറത്തുവരുന്നത്.

Logo
X
Top