പോലീസിൽ സൈബർ ഡിവിഷൻ രൂപീകരിക്കാൻ സർക്കാർ അനുമതി; രണ്ട് എസ്പിമാരും നാല് ഡിവൈഎസ്പിമാരും ചേർന്ന് നയിക്കും

പോലീസിൽ പുതിയ സൈബർ ഡിവിഷൻ രൂപീകരണത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ക്രൈംബ്രാഞ്ച്, വിജിലൻസ് മാതൃകയിൽ പ്രത്യേക വിഭാഗമായി തന്നെ പ്രവർത്തിക്കാൻ ആവശ്യമായ അംഗബലവും അനുവദിച്ചു. തുടക്കമെന്ന നിലയിൽ രണ്ട് എസ്പിമാരുടെ നേതൃത്വത്തിൽ നാല് ഡിവൈഎസ്പിമാരും 13 സിഐമാരും അടക്കം 466 പേരാകും സൈബർ ഡിവിഷനിൽ ഉണ്ടാകുക. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ ഹൈടെക് സെല്ലും സൈബർ സ്റ്റേഷനും പര്യാപ്തമാകുന്നില്ല എന്ന പോലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. തിരുവനന്തപുരത്ത് ആസ്ഥാനത്തിന് പുറമെ ജില്ലകളിലും റേഞ്ച് തലങ്ങളിലും പുതിയ സൈബർ ഡിവിഷന് ഓഫീസുകളുണ്ടാകും.
കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നു, സ്വഭാവം സങ്കീർണമാകുന്നു, കേസ് ഉണ്ടാകുന്നത് പലപ്പോഴും കേരളത്തിന് പുറത്തുനിന്നാകുന്നു, ഇതെല്ലാം പരിഗണിച്ചാൽ നിലവിലുള്ള സംവിധാനങ്ങൾ കൊണ്ടുള്ള അന്വേഷണം കാര്യക്ഷമമായും സമയബന്ധിതമായും നടത്താൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നാണ് പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിയത്. സൈബർ കുറ്റകൃത്യങ്ങളുടെ ടെക്നിക്കൽ വശം മെച്ചപ്പെട്ട രീതിയിൽചെയ്യാൻ സാധിക്കുമെങ്കിലും ഇൻവെസ്റ്റിഗേഷൻ നടപടികൾക്കുള്ളിൽപ്പോലും മുൻകൂട്ടി കാണാൻ കഴിയാത്ത തരത്തിലുള്ളതും മനഃപൂർവ്വമല്ലാത്തതുമായ നിയമലംഘനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണെന്നും ഡിജിപി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, നെറ്റ‌് വർക്ക് സുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ്റ്, ഡിജിറ്റൽ ഫോറൻസിക് മുതലായ മേഖലകളിൽ പ്രാവീണ്യമുള്ളവരെ പുതിയ ഡിവിഷനിലേക്ക് ഉൾപ്പെടുത്താനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
സർക്കാരിന് അധിക ബാധ്യതയുണ്ടാകാത്ത വിധം നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചാണ് സൈബർ ഡിവിഷന് ആവശ്യമായ തസ്തിതകകൾ കണ്ടെത്തുന്നത് എന്നതാണ് സൈബർ ഓപ്പറേഷൻസ് എസ്പി ഹരി ശങ്കർ തയ്യാറാക്കി, ഡിജിപി ദർവേഷ് സാഹിബ് സർക്കാരിലേക്ക് സമർപ്പിച്ച നിർദേശത്തിൻ്റെ പ്രധാന പ്രത്യേകത. നിലവിലെ ടെലികമ്മ്യൂണിക്കേഷനിൽ നിന്നും സിവിൽ പോലീസിൽ നിന്നും കണ്ടെത്താവുന്നവയ്ക്ക് പുറമെ, ബറ്റാലിയനുകൾ അടക്കം വിഭാഗങ്ങളിൽ നിർത്തലാക്കിയ തസ്തികകളും ചേർത്താണ് സൈബർ ഡിവിഷന് അംഗബലം ഉണ്ടാക്കുന്നത്. സൈബർ ഓപ്പറേഷൻ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ സൈബർ ഡിവിഷൻ ആസ്ഥാനത്ത് പ്രവർത്തിക്കും. കൂടാതെ സൈബർ പട്രോൾ, സൈബർ സ്റ്റേഷനുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളും തുടക്കത്തിൽ സൈബർ ഡിവിഷൻ്റെ ഭാഗമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here