പോലീസുകാരും യൂത്ത് കോൺഗ്രസ് പട്ടികയിൽ; രണ്ടുപേരെ തിരിച്ചറിഞ്ഞു
പാർവതി വിജയൻ
കോട്ടയം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി തയാറാക്കിയ പുതിയ പട്ടികയിൽ കേരള പോലീസിൽ സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥരും. നാളെ സൂക്ഷ്മ പരിശോധന നടക്കാനിരിക്കെയാണ് വിവരം പുറത്തു വരുന്നത്. കുട്ടിക്കാനത്തെ കെ എ പി അഞ്ചാം ബറ്റാലിയനിൽപ്പെട്ട അലെയ്ഷ് ലാൽ, അടൂരിലെ കെ എ പി മൂന്നാം ബറ്റാലിയനിൽപ്പെട്ട അഭിലാഷ്.കെ.എം എന്നിവരുടെ പേരുകളാണ് ഇതുവരെ കണ്ടെത്തിയത്. രണ്ടുപേരും കോട്ടയത്തും പരിസരത്തും നിന്നുള്ളവരാണ്.
പോലീസുകാർക്ക് സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെടാൻ കർശന വിലക്ക് ഉണ്ടെന്നിരിക്കെയാണ് ഇവരിരുവരുടെയും പേരുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബോധപൂർവ്വം എടുത്തതാണോ അടുപ്പക്കാരുടെ ആരുടെയെങ്കിലും പ്രേരണയിൽ സമ്മതം മൂളിയതാണോ എന്ന് വ്യക്തമല്ല.
കൂടുതൽ പേർ ഇങ്ങനെ കയറികൂടിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം നടക്കുകയാണ്. പരമാവധി പേരുകൾ ചേർത്ത് സംഘടന പിടിക്കാൻ കാലങ്ങളായി കോൺഗ്രസിലെ ഓരോ ഗ്രൂപ്പുകളും നീക്കം നടത്താറുണ്ട്. എന്നാലിത് ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ ചേർത്ത് വോട്ട് നേടാനുള്ള ശ്രമം.
തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സംഘടനയുടെ പട്ടികയിൽ പേര് ചേർക്കേണ്ടത്. കാർഡ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോണിലേക്ക് ഒടിപി വരും. ഇത് കൊടുത്തുകഴിയുമ്പോൾ അടുത്ത പടി. സംഘടനയിൽ പ്രവർത്തിക്കാൻ സമ്മതമാണെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന വീഡിയോ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ പല ഘട്ടങ്ങളിലായി പ്രക്രിയകൾ പൂർത്തിയാക്കുമ്പോഴേ അംഗത്വം അംഗീകരിക്കൂ. പോലീസുകാരുടെ പേരുകൾ വെബ്സൈറ്റിൽ ഇട്ടിരിക്കുന്ന പട്ടികയിൽ ഉണ്ട്. ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി എന്നാണ് ഇതിനർത്ഥം.
അംഗത്വം എടുക്കുന്ന ആൾക്കല്ലാതെ മറ്റൊരാൾക്കും ഈ നടപടികൾ ചെയ്യാൻ കഴിയില്ല. സ്വന്തം ഫോണിലെ മൊബൈൽ ആപ്ലിക്കേഷൻ മുഖേന സ്വയം ചെയ്യേണ്ടതാണ് ഇവയെല്ലാം. അത്കൊണ്ട് തന്നെ സ്വന്തം അറിവോടെയല്ലെന്ന് പറഞ്ഞൊഴിയാനും ആർക്കും പറ്റില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here