പോലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ഗവര്‍ണറുടെ കത്ത് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി
പോലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായി ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. പ്രതിപക്ഷത്ത് നിന്നും എംകെ മുനീര്‍, എന്‍എ നെല്ലിക്കുന്ന്, പി അബ്ദുല്‍ ഹമീദ്, യുഎ ലത്തീഫ് എന്നിവരാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ചില മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഗവര്‍ണര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പിവി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ സംഭാഷണം ചോര്‍ത്തിയതായി ഒരു എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ തോമസ് കെ പീലിയാനിക്കല്‍ എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം കറുകച്ചാല്‍ സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഇതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എഡിജിപി എംആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഫോണ്‍ ചോര്‍ത്തിയെന്നാണ് പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചത്. തെളിവ് സംഘടിപ്പിക്കാനായി താനും ഫോണ്‍ ചോര്‍ത്തുന്നതായും അന്‍വര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here