പോലീസ് ക്വാർട്ടേഴ്‌സിലെ വിദ്യാർത്ഥിയുടെ മരണം, നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്; പുതിയ പീഡനക്കേസ് രജിസ്റ്റർ ചെയ്തു

നഗരമധ്യത്തിലെ പോലീസ് ക്വാർട്ടേഴ്‌സിൽ സ്കൂൾ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായി എന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ പുതിയ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മേൽ നിരന്തരം ലൈംഗിക അതിക്രമം നടത്തിയതിനുള്ള ഗുരുതര വകുപ്പുകളാണ് പുതുതായി ചേർത്തിട്ടുള്ളത്. ആദ്യകേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് തന്നെ കേസ് കൈമാറി.

ഈവർഷം ഏപ്രിൽ ആദ്യമാണ് തിരുവനന്തപുരം സിറ്റി പോലീസിലെ സിവിൽ പോലീസ് ഓഫീസറുടെ മകളെ, കുടുംബമായി താമസിക്കുന്ന ഫ്ളാറ്റിൻ്റെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശൂപത്രിയിൽ എത്തിച്ചെങ്കിലും രണ്ടാം ദിവസം മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം എന്ന് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുമ്പോഴാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിൻ്റെ തെളിവുകൾ കിട്ടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ലഹരി ഉപയോഗത്തിൻ്റെ തെളിവുകളും കണ്ടെത്തിയിരുന്നു.

സ്വകാര്യ ഭാഗങ്ങളിൽ പലപ്പോഴായി നടന്ന പീഡനത്തിൻ്റെ അടയാളങ്ങളുണ്ട്. ഉണങ്ങിയ പരുക്കുകളും രക്തം പൊടിഞ്ഞതിൻ്റെ അടയാളങ്ങളും ഉണ്ട്. കേസിൻ്റെ സവിശേഷ സ്വഭാവം പരിഗണിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് മാധ്യമ സിൻഡിക്കറ്റ് പൂർണമായി പുറത്തുവിടുന്നില്ല. പീഡനത്തിൻ്റെ വിശദാംശങ്ങൾ വിവരിക്കുന്നുമില്ല.

“നീഡിൽ പങ്ചർ മാർക്സ് ” എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നത് നിരന്തര ലഹരി ഉപയോഗത്തിൻ്റെ തെളിവാണെന്ന് അന്വേഷണസംഘം നിഗമനത്തിൽ എത്തിയിട്ടുണ്ട്. കഴുത്തിലും കൈകളിലും തുടങ്ങി ശരീരത്തിൽ പലയിടത്തും ഇത് വ്യക്തമാണ്.

മ്യൂസിയം പോലീസ് സ്റ്റേഷനിൽ ക്രൈം 377/2023 നമ്പറായി രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 376(D), 376(E), പോക്സോ ആക്ട് 3(A), 4(2), 5(L) r/w 6 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആരെയും പ്രതിസ്ഥാനത്ത് ചേർത്തിട്ടില്ല. അന്വേഷണം ആദ്യം തിരുവനന്തപുരം സിറ്റി സി-ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷണർക്കു നൽകിയെങ്കിലും, തൊട്ടുപിന്നാലെ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി പോലീസ് മേധാവി ഉത്തരവിട്ടു. തുടർന്ന് ക്രൈംബ്രാഞ്ച് ഇത് 662181/CB/CU-IV/TVM/R/2023 ആയി നമ്പറിട്ട് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ്-4നാണ് ഇരുകേസുകളുടെയും അന്വേഷണച്ചുമതല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top