‘കഴുത്തേന്ന് വിട് സാറെ, ശ്വാസം മുട്ടുന്നു’; അമേരിക്കയിലെ ജോർജ് ഫ്ലോയിഡിനെ ഓര്‍മിപ്പിക്കുന്ന കേരള പോലീസ്
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യുക്കാരനെ ഡെപ്യൂട്ടി കമ്മിഷണർ കൈകാര്യം ചെയ്യുന്ന രീതി അമേരിക്കയിലെ വെളുത്ത വർഗക്കാരനായ പോലീസുകാരൻ്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡ് സംഭവത്തെ അനുസ്മരിപ്പിക്കുന്നു.
പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു നടത്തിയ ബലപ്രയോഗത്തിനിടെ കെഎസ്‌യു പ്രവർത്തകൻ ജോയലിൻ്റെ പ്രതികരണമാണ് മുമ്പ് അമേരിക്കൻ തെരുവിൽ അരങ്ങേറിയ ക്രൂരതയെ വീണ്ടും ഓർമപ്പെടുത്തുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് നടപടിക്കെതി ശക്തമായ വിമർശനമാണുയരുന്നത്. ‘കഴുത്തേന്ന് വിട് സാറെ, ശ്വാസം മുട്ടുന്നു’ എന്നാണ് ജോയൽ ഡിസിപിയോട് പറയുന്നത്. ഒപ്പമുണ്ടായ മറ്റ് പ്രവർത്തകരും ഡിസിപിയുടെ നടപടിക്കെതിരെ പ്രതിഷേധമറിയിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
“പരുക്കേൽക്കണം എന്ന ഉദ്ദേശത്തോടെയാണ് ഡിസിപി എൻ്റെ കഴുത്തിന് പിടിച്ചത്. എനിക്ക് ഉമിനീര് ഇറക്കാനോ ശ്വാസം വിടാനോ കഴിഞ്ഞില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ പറഞ്ഞെങ്കിലും പിടിവിടാനോ പിടിത്തം ലൂസാക്കാനോ ഡിസിപി ബൈജു തയ്യാറായില്ല. പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യാൻ സിപിഎമ്മിന് വേണ്ടിയുള്ള ക്വട്ടേഷനാണ് ഡിസിപി എടുത്തിട്ടുള്ളത്. നവകേരള സദസിൽ മാത്രമല്ല മുമ്പും സിപിഎമ്മിന് വേണ്ടിയാണ് ഡിസിപി ജോലി ചെയ്തിട്ടുള്ളത്. എൻ്റെ കഴുത്തിൻ്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജിൻ്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും പിൻതിരിപ്പിക്കാനാണ് പോലീസ് ഇന്ന് ശ്രമിച്ചത്. ഇത്തരം ക്രിമിനൽ പോലീസുകാരെ നിലയ്ക്ക് നിർത്താൽ സർക്കാർ തയ്യാറാവണം.” – കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ വിദ്യാർത്ഥിയായ ജോയൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്നായിരുന്നു അമേരിക്കയിലെ മിനെപോളിസിൽ വെളുത്ത വർഗക്കാരനായ പോലീസുകാരൻ്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കുകൾ. മിനെപോളിസ് സ്റ്റേഷനിലെ പോലീസുകാരനായ ഡെറിക് ചൗലിൻ നടുറോഡിൽവച്ച് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ഞെരിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ലോകം മുഴുവൻ ചർച്ചയായിരുന്നു. നിരായുധനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഭരണകൂടത്തിനും പോലീസിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.
ആളുമാറി പോലിസ് പിടികൂടിയ ഫ്ലോയിഡിനെ കാറിൽനിന്നിറക്കി കഴുത്തിൽ കാൽമുട്ട് ഊന്നിനിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വേദനയെടുക്കുന്നുവെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും കരഞ്ഞപേക്ഷിച്ചിട്ടും അഞ്ചുമിനിട്ടോളം പോലീസ് ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിനിന്നു. റസ്റ്ററൻറിലെ സെക്യൂരിറ്റി ജീവനക്കായിരുന്നു ഫ്ലോയിഡ്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ.
അതേസമയം, നവകേരള സദസിനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഹോട്ടൽ ട്രിപ്പന്റയിൽ പത്രസമ്മേളനം നടത്തി മടങ്ങുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഡെപ്യൂട്ടി കമ്മിഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here