സ്‌റ്റേഷന് മുന്നിലൂടെ മണല്‍ കടത്തി റീല്‍സാക്കി; മാസ് മറുപടിയുമായി കേരള പോലീസ്

നിലമ്പൂര്‍ സ്‌റ്റേഷന് മുന്നിലൂടെ അനധികൃതമായി മണല്‍ കടത്തുന്നത് റീല്‍സാക്കി ചിത്രീകരിച്ച സംഘത്തിന് പോലീസിന്റെ ചുട്ടമറുപടി. സംഘത്തിന്റെ ടിപ്പര്‍ മണല്‍ സഹിതം പൊക്കി അകത്തിട്ടാണ് പോലീസ് മറുപടി നല്‍കിയത്. ഒപ്പം സംഘത്തെ മുഴുവന്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അര്‍ദ്ധരാത്രി സമയത്ത് മണല്‍ കടത്തുകയാണ് പ്രതികളുടെ രീതി. ഇത്തരത്തില്‍ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ മണലുമായുള്ള യാത്ര ചിത്രീകരിച്ചാണ് സിനിമ ഡയലോഗും ചേര്‍ത്ത് സംഘം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് പോലീസിനെ വെല്ലുവിളിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനായിരുന്നു സംഘത്തിന്റെ ശ്രമം.

ലോറിയിലെ ക്ലീനറായി പ്രവര്‍ത്തിച്ചിരുന്ന ബിരുദ വിദ്യാര്‍ത്ഥിയാണ് ഇതിനു പിന്നില്‍. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മണല്‍ കടത്ത് സംഘം പിടിയിലായത്. ഷാമില്‍ ഷാന്‍, മര്‍വാന്‍, അമീന്‍, അല്‍ത്താഫ്, മുഹമ്മദ് സവാദ്, അബ്ദുല്‍ മജീദ്, സഹീര്‍ എന്നിവരെയാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഷാമില്‍ ഷാന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിലാണ് മണല്‍ കടത്തിയത്. ക്ലീനറായ അമീനാണ് വീഡിയോ ചിത്രീകരിച്ചതും റീല്‍സാക്കി ഷാമില്‍ ഷാന്റെ ‘വണ്ടിഭ്രാന്തന്‍ കെ.എല്‍ 71’ എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തതും.

വീഡിയോ ചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമില്‍ ഷാനും ടിപ്പറിലുണ്ടായിരുന്നു. ഷാമില്‍, അല്‍ത്താഫ് എന്നിവര്‍ മുമ്പും മണല്‍ക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരാണ്. ടിപ്പര്‍ പിടികൂടുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുതുമെല്ലാം റീല്‍സാക്കി പോലീസും സോഷ്യല്‍മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top