പോലീസുകാരുടെ കലാവാസനകള്‍ക്ക് പിന്തുണയുമായി ആഭ്യന്തര വകുപ്പ്; രണ്ട് വര്‍ഷത്തിനിടയില്‍ 24 സേനാംഗങ്ങള്‍ക്ക് അനുമതി
കാക്കിക്കുള്ളിലെ കലാകാരന്മാര്‍ എന്ന വാക്ക് പറഞ്ഞ് തേഞ്ഞതാണെങ്കിലും കേരള പോലീസില്‍ കലാവാസനയുള്ളവര്‍ക്ക് ഒരു പഞ്ഞവുമില്ല. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടനെന്ന് വിശേഷിക്കപ്പെടുന്ന മാനുവേല്‍ സത്യനേശന്‍ എന്ന സത്യനില്‍ നിന്ന് തുടങ്ങിയ സേനയിലെ അഭിനേതാക്കളുടെ പരമ്പര നീളുകയാണ്. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ സേനയിലെ 24പേരാണ് തങ്ങളുടെ കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയത്. ഇതില്‍ 22 പേര്‍ക്ക് അനുമതി ഉടന്‍ നല്‍കി. രണ്ടുപേര്‍ അനുമതി വാങ്ങാതെ സിനിമയില്‍ അഭിനയിച്ചു. ഇതുകാരണം ഇവരുടെ അപേക്ഷ പിടിച്ചുവച്ചു എങ്കിലും പിന്നീട് മുന്‍കാല പ്രാബല്യത്തോടെ നല്‍കുകയും ചെയ്തു. തിരക്കഥാ രചന മുതല്‍ മോഡലിംഗിന് വരെ അനുമതി ലഭിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്.
സത്യന് പിന്നാലെ കേരളാ പോലീസില്‍ നിന്ന് അഭിനയരംഗത്തേക്ക് വന്ന ഒരു പിടി ഓഫീസറന്മാരുണ്ട്. ജഗന്നാഥ വര്‍മ്മ, കെപിഎസി അസീസ്, ഭീമന്‍ രഘു, അബു സലീം, ചിത്രകാരനും അഭിനേതാവുമായ അനന്ത ലാല്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും അഭിനയിച്ച സിബി തോമസ്, (ഡിവൈഎസ് പി ) തുടങ്ങിയവരിലേക്ക് നീളുന്നതാണ് പോലീസുകാരിലെ ‘സൂപ്പര്‍ സ്റ്റാറുകള്‍’. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ എ.അനന്തലാലിന് അഭിനയത്തിന് പുറമെ ചിത്രരചന, ആര്‍ട്ട് എക്‌സിബിഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്താനും ഡിപ്പാര്‍ട്ട്‌മെന്റിന്റെ പെര്‍മിഷന്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ആദ്യമായി ബിഗ്‌സ്‌ക്രീനില്‍ അഭിയിച്ചത് തെങ്കാശിക്കാറ്റ് എന്ന ചിത്രത്തിലാണ്.
നിലവില്‍ ആറ് ഡിവൈഎസ്പിമാര്‍ക്കും അത്രയും തന്നെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കലാവാസന പരിപോഷിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ സമ്മതപത്രം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെ ഉള്ളവരാണ്. മൂന്ന് ഡിവൈഎസ്പിമാര്‍ സിനിമയില്‍ സജീവമായി അഭിനയിക്കുന്നവരാണ്. മറ്റ് രണ്ട് പേര്‍ക്ക് തിരക്കഥാ രചനയ്ക്കും അനുമതി കിട്ടി. ഒരാള്‍ക്ക് പുസ്തക രചനയ്ക്കുമാണ് അനുവാദം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here