ശമ്പളക്കാര്യത്തിൽ യുപിഎസ്‌സിക്കും മേലെ കേരള പിഎസ്‌സി; ഖജനാവ് തുരക്കുന്ന മൂഷികസംഘം!!

പഞ്ചായത്ത് പ്രസിഡൻ്റിന് ഇന്ത്യൻ പ്രസിഡൻ്റിനേക്കാൾ കൂടുതൽ ശമ്പളമെന്നൊക്കെ തമാശ പറയാറുണ്ടെങ്കിലും അതാണിപ്പോൾ കേരളത്തിലെ പബ്ളിക് സർവീസ് കമ്മീഷൻ്റെ (പിഎസ്‌സി) സ്ഥിതി. കേന്ദ്ര സർവീസുകളിലേക്കെല്ലാം റിക്രൂട്ട്മെൻ്റുകൾ നടത്തുന്ന യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) എന്ന ഭരണഘടനാ സ്ഥാപനത്തേക്കാളും വലിയ ശമ്പളവും ആനുകൂല്യങ്ങളുമാണ് കേരളത്തിലെ പിഎസ്‌സി അംഗങ്ങൾക്ക് ഇനി കിട്ടാൻ പോകുന്നത്. കഴിഞ്ഞയാഴ്ചത്തെ ശമ്പളവർധനയോടെ ഇക്കാര്യം ഉറപ്പായി.
രാജ്യത്ത് ഏറ്റവുമധികം പേർക്ക് കേന്ദ്ര സർക്കാർ സർവീസുകളിലേക്ക് ജോലി നൽകുന്ന സ്ഥാപനമാണ് യുപിഎസ്‌സി. ഇതിൻ്റെ ചെയർമാൻ്റെ പ്രതിമാസ ശമ്പളം 2.50 ലക്ഷം രൂപയാണ്. അലവൻസുകൾ അടക്കം ഇത് 3.50 ലക്ഷം രൂപയാകും. കേരളത്തിലെ പിഎസ്‌സി ചെയർമാൻ വർദ്ധിപ്പിച്ച ശമ്പളനിരക്ക് പ്രകാരം ഇനി വാങ്ങുക നാല് ലക്ഷം രൂപയാണ്. യുപിഎസ്‌സിയിലെ അംഗങ്ങളുടെ ശമ്പളം 2.25 ലക്ഷമാണ്. അലവൻസുകൾ അടക്കം 3.25 ലക്ഷം കിട്ടും. അതേസമയം കേരളത്തിലെ പിഎസ്‌സി അംഗങ്ങൾക്ക് ശമ്പളം ഇനിമുതൽ 3.82 ലക്ഷമാണ്.

ഒമ്പത് അംഗങ്ങൾ ആണ് യുപിഎസ്‌സിക്ക് ഉള്ളതെങ്കിൽ കേരളത്തിലെ പിഎസ്‌സിയിൽ 21 പേരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചും പബ്ളിക് സർവീസ് കമ്മീഷൻ മെമ്പർമാരുടെ എണ്ണത്തിൽ ഒന്നാമതാണ് കേരളം. ചെയർമാനും അംഗങ്ങളും ഉൾപ്പെടെ 21 പേരാണ് കേരളത്തിൽ ഉള്ളത്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണ് പിഎസ്‌സി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത്. എല്ലാ കാലത്തും പിഎസ്‌സിയിൽ രാഷ്ട്രിയ നിയമനങ്ങളാണ് നടക്കുന്നത്. നിലവിലെ 14 അംഗങ്ങൾ സിപിഎമ്മുകാരാണ്. ബാക്കിയുള്ളവർ വിവിധ ഘടകകക്ഷി പ്രതിനിധികളും.
ഈയടുത്ത കാലത്ത് എൻസിപിയുടെ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ട അംഗം പാർട്ടി നേതൃത്വത്തിന് ഒരു കോടി രൂപ കൈക്കൂലി നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. പാർട്ടി പ്രസിഡൻ്റ് പി സി ചാക്കോയ്ക്കെതിരെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റാണ് ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്ന ആരോപണം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതിയും ലഭിച്ചു. ഡീൽ ഉറപ്പിക്കുന്നതിന്‍റെ ശബ്ദസന്ദേശം അടക്കമാണ് പരാതി നൽകിയത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്നാണ് ആരോപണം. ഒരു ഡോക്ടറാണ് പരാതി നൽകിയത്.

അംഗങ്ങളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ കേരളത്തിൻ്റെ തൊട്ടടുത്ത് ഉള്ള തമിഴ്നാട്ടിൽ പബ്ളിക് സർവീസ് കമ്മീഷൻ്റെ അംഗസംഖ്യ 15 ആണ്. കർണ്ണാടകയിൽ 13 പേരുള്ളപ്പോൾ ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ കേവലം ഒമ്പത് പേരാണ് അംഗങ്ങൾ. താരതമ്യേന വലിയ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ആന്ധ്ര, തെലുങ്കാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പോലും അംഗസംഖ്യ എട്ടാണ്. ഛത്തീസ്ഗഡ്, അരുണാചൽ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അഞ്ചുവീതം അംഗങ്ങൾ. ബീഹാർ, ഒറീസ, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിൽ ആറ് പേരാണുള്ളത്. പശ്ചിമ ബംഗാളിലും ഗുജറാത്തിലും ഏഴ് അംഗങ്ങൾ.
ഭാരിച്ച ശമ്പളത്തിന് പുറമെ അംഗങ്ങൾക്ക് ആജീവനാന്ത പെൻഷനുണ്ട്. കൂടാതെ അംഗങ്ങൾ വിരമിച്ചാൽ പോലും കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിൽസയുമുണ്ട്. അതേസമയം കേരളത്തിൽ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ കുത്തനെ കുറയുകയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചെറുപ്പക്കാരുടെ വിദേശ കുടിയേറ്റം അടക്കം ഒട്ടേറെ കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. പക്ഷെ അപ്പോഴും അംഗങ്ങളുടെ എണ്ണം കുറച്ചോ മറ്റോ ഖജനാവിന് മേലുള്ള ഭാരം കുറയ്ക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. പകരം ഉള്ളവരുടെ വേതനം മര്യാദയുമില്ലാതെ വർധിപ്പിച്ച് ജനത്തെ കൊഞ്ഞനം കുത്തുകയാണ് ഭരിക്കുന്നവർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here