കനത്ത മഴയ്ക്ക് ശമനം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ദിവസങ്ങളായി നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശമനം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത.

ശനിയാഴ്ച രാവിലെ കേരളത്തിലെ ചില ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴ ഗതാഗതക്കുരുക്കിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണമെന്നാണ് നിർദേശം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. 

കോഴിക്കോട്, കണ്ണൂർ-തലശ്ശേരി റൂട്ടിൽ ദേശീയ പാതയിൽ ഇന്ന് പുലർച്ചെ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിശമന സേനാംഗങ്ങളെത്തി പാത വെട്ടിത്തെളിച്ചതിനെ തുടർന്ന് രണ്ടിടത്തും ഗതാഗതം പുനഃസ്ഥാപിച്ചു. പത്തനംതിട്ട, തിരുവല്ല മേഖലകളിലെ റോഡുകളിൽ വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചു. അതിശക്തമായ മഴയ്ക്ക് ശമനമുണ്ടായെങ്കിലും നിരവധി പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.

തെക്കുപടിഞ്ഞാറൻ മൺസൂൺ അഴിച്ചുവിട്ട കനത്ത മഴയിൽ വെള്ളിയാഴ്ച വരെ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഇതുവരെ 7,800-ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top