രണ്ട് റണ്‍സില്‍ ആ ചരിത്രനേട്ടം കുറിച്ച് കേരളം; രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാന്‍ സച്ചിന്‍ ബേബിയും സംഘവും

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനം ഉറപ്പിച്ച് കേരള ക്രിക്കറ്റ് ടീം. അവസാന നിമിഷം വരെ പോരാടിയാണ് ഗുജറാത്ത് കീഴടങ്ങിയത്. ആദ്യ ഇന്നിങ്‌സിലെ രണ്ട് റണ്‍സ് ലീഡാണ് കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചത്. നാലാം ദിവസത്തിലേക്ക് മത്സരം എത്തിയതോടെ ആദ്യ ഇന്നിങ്‌സിലെ ലീഡ് ഫൈനല്‍ പ്രവേശനം ഉറപ്പിക്കും എന്ന നിലയിലായിരുന്നു മത്സരം പുരോഗമിച്ചിരുന്നത്.
ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി. അവസാന വിക്കറ്റ് വരെ പോരാടിയാണ് ഗുജറാത്ത് വീണത്. ഇനി ഫൈനലിലെത്തണമെങ്കില്‍ ഇന്ന് തന്നെ കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കി, ഗുജറാത്തും ബാറ്റിങ് പൂര്‍ത്തിയാക്കേണ്ടിവരും. ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാണ്.
സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കേരളത്തിന് സ്വപ്‌ന നേട്ടം സമ്മാനിച്ചത്. അവസാന വിക്കറ്റില്‍ പിടിച്ചു നിന്ന ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത് നാടകീയമായിട്ടായിരുന്നു. ഗുജറാത്തിന്റെ അര്‍സാന്‍ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്യാച്ചെടുക്കുകയായിരുന്നു.
മുംബൈ – വിദര്‍ഭ മത്സരത്തിലെ വിജയിയാകും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here