ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ‘ക്ലീഷേ’യെന്ന് സച്ചിദാനന്ദന്‍; മുഖത്തുനോക്കി പറയണമെങ്കില്‍ തന്തയ്ക്ക് പിറക്കണമെന്ന് മറുപടി

തൃശൂര്‍: സാഹിത്യ അക്കാദമിക്ക് എതിരെ ശ്രീകുമാരന്‍ തമ്പി ഉയര്‍ത്തിയ പാട്ട് വിവാദം കത്തുന്നു. ശ്രീകുമാരന്‍ തമ്പിക്ക് മറുപടിയുമായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദനും രംഗത്തെത്തി. ശ്രീകുമാരന്‍ തമ്പിയുടെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അത് നിരാകരിച്ചെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. പാട്ടില്‍ തിരുത്തല്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നാണ് സച്ചിദാനന്ദന്‍റെ വാദം. ഇത് തള്ളിക്കളഞ്ഞ് ശ്രീകുമാരന്‍ തമ്പിയും രംഗത്ത് വന്നിട്ടുണ്ട്. സച്ചിദാനന്ദന്‍ തന്നെ പരസ്യമായി അപമാനിച്ചു. തന്നോടുള്ള പ്രതികാരം തീര്‍ക്കുകയാണെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. 58വര്‍ഷമായി താന്‍ ഈ മേഖലയിലുണ്ട്. എന്തുകൊണ്ട് തന്‍റെ വരികള്‍ ക്ലീഷെ ആണെന്ന് തുറന്നുപറഞ്ഞില്ല, അത് പറയാന്‍ തന്തയ്ക്ക് പിറക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ ദിവസം അക്കാദമിക്ക് എതിരെ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത് വന്നിരുന്നു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രസംഗിക്കാന്‍ കൊച്ചിയില്‍ നിന്നും കാറില്‍ തൃശൂരിലെത്തിയ തനിക്ക് വെറും 2400 രൂപയാണ് നല്‍കിയതെന്നാണ് ചുള്ളിക്കാട് പറഞ്ഞത്. അക്കാദമി തന്നെ അപമാനിച്ചുവെന്നും ഇത്തരം പരിപാടികള്‍ക്ക് ഇനി തന്നെ വിളിക്കരുതെന്നുമാണ് ചുള്ളിക്കാട് പറഞ്ഞത്.

ചുള്ളിക്കാടിനു തൊട്ട് പിന്നാലെയാണ് സമാനമായ അനുഭവം ചൂണ്ടിക്കാട്ടി ശ്രീകുമാരന്‍ തമ്പി രംഗത്തെത്തി. “സർക്കാരിനായി കേരളഗാനം എഴുതാൻ സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു, എന്നാല്‍ ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. പാട്ട് വീണ്ടും മാറ്റിയെഴുതി കൊടുത്തെങ്കിലും തന്‍റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല” ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കില്‍ കുറിച്ചു.

“ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ കമ്മറ്റിയിലെ ആര്‍ക്കും അംഗീകരിക്കാന്‍ ആയില്ല. ഇതുമാത്രമല്ല, പല ഗാനങ്ങളും ക്ഷണിച്ചു, പലതും തള്ളിക്കളഞ്ഞു. ബി.കെ. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അവസാനം തിരഞ്ഞെടുത്തത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചത്. ഒരു പ്രത്യേക ഗാനം മാത്രമാണ് തള്ളിയത്. ഈ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.” സച്ചിദാനന്ദന്‍ പ്രതികരിച്ചു.

എന്നാല്‍ അക്കാദമി സമിതി അംഗമായ നിരൂപക എം.ലീലാവതി സച്ചിദാനന്ദന്‍റെ വാക്കുകള്‍ തള്ളി രംഗത്ത് വന്നിട്ടുണ്ട്. സമിതി അംഗമായ തന്നോട് ഈ കാര്യം ആലോചിക്കുകയോ പാട്ടിന്റെ കാര്യം ചര്‍ച്ചചെയ്യുകയോ ചെയ്തില്ലെന്ന് ലീലാവതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top