ബാലചന്ദ്രൻചുള്ളിക്കാട് വീണ്ടും; “അക്കാദമിയുടെ നഷ്ടപരിഹാരം എനിക്ക് വേണ്ട; കവികളോടുള്ള അവഗണന എല്ലാവരും തിരിച്ചറിയണം”

കൊച്ചി: സാഹിത്യ അക്കാദമിയുമായി ബന്ധപ്പട്ട വിവാദത്തിൽ വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രതികരണം. അക്കാദമി തനിക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ആവശ്യമില്ല. അതിന് വേണ്ടിയല്ല സ്വന്തം അനുഭവം തുറന്നുപറഞ്ഞത്. സിനിമാ – സീരിയൽ താരങ്ങൾക്കും മിമിക്രിക്കാർക്കും നർത്തകർക്കും വാരിക്കോരി കൊടുക്കുന്നവർക്ക്, കവികളോടുള്ള വിവേചനം തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യം. തനിക്ക് വ്യക്തിപരമായി നഷ്ടപരിഹാരം നൽകി തീർക്കാവുന്ന പ്രശ്നമല്ല അതെന്നും, കൊച്ചിയിലെ സുഹൃത്ത് സിഐസിസി ബുക്സ്റ്റാളുടമ ജയചന്ദ്രന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ ചുള്ളിക്കാട് പറഞ്ഞു. കവിയുടെ അനുവാദത്തോടെ ജയചന്ദ്രൻ ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്യുകയായിരുന്നു.
“സാഹിത്യസമ്പർക്കത്തിൻ്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു. സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.” കവിയുടെ സന്ദേശത്തിൽ പറയുന്നു.
സാഹിത്യ അക്കാദമി ജനുവരി 30ന് തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രസംഗിച്ചതിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് തര്‍ക്കം ഉന്നയിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. പരിപാടിക്ക് പോയിവരാൻ 3500 രൂപ ചെലവായെന്നും പ്രതിഫലമായി കിട്ടിയത് 2400 രൂപയാണെന്നും സുഹൃത്തിൻ്റെ ഫെയ്സ്ബുക്കിലൂടെ കവി വെളിപ്പെടുത്തി. ഇതാണ് തനിക്ക് കേരളജനത നല്‍കിയ വില. ഇനി തന്നെ ഇത്തരം പരിപാടികൾക്ക് തന്നെ വിളിക്കരുതെന്നും പറഞ്ഞ് കടുപ്പിച്ചാണ് ഇന്നലെ രാവിലെ ചുള്ളിക്കാട് പ്രതികരിച്ചത്. പിന്നാലെ അക്കാദമി അധ്യക്ഷനും സാംസ്കാരിക മന്ത്രിയുമെല്ലാം അനുനയവുമായി എത്തിയെങ്കിലും ഇന്നലെ വൈകിട്ടോടെ ശ്രീകുമാരൻ തമ്പി കൂടി രംഗത്തെത്തിയതോടെ കാര്യങ്ങളാകെ കൈവിട്ടുപോയ അവസ്ഥയായിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here