പരാതിക്കെട്ടുകള്‍ ‘ഐസ് പെട്ടിയില്‍’; പരിഹാര നടപടികളില്ലാതെ നവകേരള സദസ്, ആറേകാല്‍ ലക്ഷം പരാതികള്‍

തിരുവനന്തപുരം: നവകേരള സദസില്‍ പൊതുജനങ്ങളില്‍ നിന്നായി ഏതാണ്ട് ആറേകാല്‍ ലക്ഷം ( 6.21 ലക്ഷം) പരാതികള്‍ ലഭിച്ചതായി സര്‍ക്കാര്‍ രേഖകള്‍. 36 ദിവസങ്ങളിലായി 134 വേദികളില്‍ നിന്നാണ് 6, 21, 270 പരാതികള്‍ കിട്ടിയത്. പക്ഷേ ഇവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. വടക്കന്‍ ജില്ലകളില്‍ നവകേരള സദസ് പൂര്‍ത്തിയായി 45 ദിവസം പിന്നിട്ടിട്ടും 20 ശതമാനത്തില്‍ താഴെ പരാതികളില്‍ മാത്രമാണ് പരിഹാരമുണ്ടായത്. പതിവുപോലെ ജനങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥന്മാര്‍ ക്വറി (query) ഇട്ട് താഴേക്കും മുകളിലേക്കും പറത്തി വിടുകയാണ്. മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇവിടെ 80885 പേർ പരാതികളുമായി നവകേരള സദസിലെത്തി.

ഭുമി തരം മാറ്റം, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, പി എസ് സി നിയമനത്തിലെ കാലതാമസം, അതിര്‍ത്തി തര്‍ക്കം, ലൈഫ് വീട്, ശുദ്ധജല ദൗര്‍ലഭ്യം, കെട്ടിട നമ്പര്‍ ഇട്ടു കിട്ടാത്തത്, തുടങ്ങിയവയാണ് പരാതികളില്‍ ബഹുഭുരിപക്ഷവും. പൊതു ജനങ്ങളുടെ പരാതികളില്‍ ഒരു ഘട്ടത്തില്‍ പോലും മന്ത്രിസഭയോ, മന്ത്രിമാരോ ഇടപെടുന്നില്ല. എല്ലാം ഉദ്യോഗസ്ഥന്മാരുടെ തോളിലേക്ക് ചാരിവെച്ച് അവര്‍ കാഴ്ചക്കാരായി നില്‍ക്കയാണ്. വ്യത്യസ്ത തരം പരാതികളില്‍ എന്തു ചെയ്യണമെന്നു പോലും അറിയാതെ ഉദ്യോഗസ്ഥര്‍ അന്തംവിട്ട് നില്‍ക്കയാണ്.

‘പരാതികള്‍ പരിപാടിയുടെ ഭാഗമായി വരുന്ന കാര്യം മാത്രമാണ്. പരാതികള്‍ സ്വീകരിക്കലല്ല പ്രധാന കാര്യം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ വെച്ച് തോമസ് ചാഴിക്കാടന്‍ എം പിയെ ശാസിച്ചു കൊണ്ട് പറഞ്ഞതോടെ ‘പരാതികളുടെ’ കാറ്റൂരി വിട്ട അവസ്ഥയായി. കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. ഒപ്പം നമ്മുടെ നാട് ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു, ഇനി മുന്നോട്ട് എന്തെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും അവതരിപ്പിക്കും എന്നൊക്കെയാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ക്കേ പറഞ്ഞിരുന്നത്. 36 ദിവസം ഭരണ സം
വിധാനമാകെ നാടിളക്കി നടന്നിട്ടും ജനങ്ങള്‍ക്കെന്ത് ഗുണമുണ്ടായി എന്ന് ചോദിച്ചാല്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ക്കൊന്നും മറുപടിയില്ല. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നികുതിപ്പണം ഉപയോഗിച്ച് രാഷ്ടീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു എന്ന് മാത്രം! നവകേരള സദസ് കൊണ്ട് നാടിനും നാട്ടാര്‍ക്കും വല്ല ഗുണവുമുണ്ടായോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയുമെന്നാരും പ്രതിക്ഷിക്കുന്നില്ല. കോടികള്‍ ചെലവഴിച്ചു നടത്തിയ നവകേരള സദസും ആഡംബര ബസ് യാത്രയും വെറും എടുപ്പുകുതിര കളായി അവശേഷിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top