സ്കൂളുകൾ ഇന്ന് തുറക്കും; മാറ്റങ്ങളുമായി പുതിയ അധ്യയന വര്‍ഷം; പ്രവേശനോത്സവത്തോടെ തുടക്കം; മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

മധ്യവേനലവധിക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രവേശനോത്സവത്തോടെയാണ് ഈ വര്‍ഷവും അധ്യയനം ആരംഭിക്കുന്നത്.
കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.
വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. മൂല്യനിർണ്ണയത്തില്‍ ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ടതുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here