ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനി പൂട്ടുമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ റിപ്പോര്‍ട്ട്; കിഫ്ബിയും പൂട്ടും; പെന്‍ഷന്‍ അവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിന്റെ തുടക്കമോ എന്ന് ആശങ്ക

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനി പൂട്ടുമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ റിപ്പോര്‍ട്ട്. ധനകാര്യ വകുപ്പിലെ ജോലിഭാരം ക്രമീകരിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തി പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് കൂടാതെ കിഫ്ബിയും പൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇരു കമ്പനികളും പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ചവയാണെന്നും ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതിനാല്‍ ഈ കമ്പനികള്‍ പഠനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2018 ഓഗസ്റ്റിലാണ് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് മുന്‍ കൈയെടുത്ത് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്. സഹകരണ ബാങ്കുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് പലിശക്ക് പണം വാങ്ങി ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പെന്‍ഷന്‍ കമ്പനി രൂപീകരിച്ചത്. കമ്പനിക്ക് ബജറ്റില്‍ നിന്നും ധനസഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ കമ്പനിയാണ് ഇപ്പോഴും പെന്‍ഷന്‍ നല്‍കുന്നത്.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പെന്‍ഷന്‍ കമ്പനി പൂട്ടുമോയെന്ന ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ അവകാശമല്ലെന്നും നയതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. എപ്പോള്‍, എത്ര തുക നല്‍കണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സെസ് പിരിച്ചതു കൊണ്ട് പെന്‍ഷന്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ധനകാര്യ വകുപ്പ് ഈ വിശദീകരണം നല്‍കിയത്.

നിലവില്‍ 6 മാസത്തെ പെന്‍ഷന്‍ കുടിശികയാണ് നിലവിലുളളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാരിന് ആലോചിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ട് തന്നെയാണ് ഭരണപരിഷ്‌കാര വകുപ്പിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നന്നേക്കുമായി പെന്‍ഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയം ഉയര്‍ത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top