കേരളസ്റ്റോറിക്ക് 2 പതിപ്പുകൾ; തീയറ്ററിൽ ഓടിച്ചത് A, ദൂരദർശന് നൽകിയത് സീനുകൾ വെട്ടി U/A ആക്കി; ഇടുക്കി രൂപത കുട്ടികളെ കാണിച്ചത് ഏതെന്നത് പ്രധാനം; പരാതി വന്നാൽ പോലീസ് കുഴങ്ങും

തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ മുറുകുമ്പോള്‍ അതിലെ നിയമപ്രശ്‌നം സങ്കീർണമാകുകയാണ്. മുതിർന്നവർക്ക് മാത്രം കാണാവുന്ന ചിത്രമെന്ന നിലയിൽ സെൻസർ ബോർഡ് എ (A) സർട്ടിഫിക്കറ്റ് നൽകിയ സിനിമ ഇടുക്കി രൂപത കുട്ടികൾക്കായി പ്രദർശിപ്പിച്ചു എന്നതിലെ പ്രശ്നമാണ് ചിലർ ചൂണ്ടിക്കാട്ടിയത്. എന്നാൽ കേരള സ്റ്റോറി നിലവിൽ യുഎ (U/A) സർട്ടിഫിക്കറ്റിലും സെൻസർ ചെയ്തിട്ടുണ്ടെന്ന് മാധ്യമ സിൻഡിക്കറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അതാണ് ദൂരദർശനിൽ പ്രദർശിപ്പിച്ചത്. ഇക്കാര്യം സെൻസർ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഐഎസിൽ ചേരാനായി കേരളം വിട്ടുപോയ പെൺകുട്ടികളുടെ കഥയെന്ന പേരിലാണ് കേരള സ്‌റ്റോറിയെ അണിയറക്കാർ തന്നെ അവതരിപ്പിച്ചത്. 2023ൽ ഹിന്ദിയിൽ സെൻസർ ചെയ്ത ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആയിരുന്നു. പ്രമേയം കേരളത്തെ അപമാനിക്കുന്നത് ആണെന്ന തരത്തിൽ രൂക്ഷമായ വിവാദങ്ങൾ ഉണ്ടായെങ്കിലും കേരളത്തിലും സിനിമ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ ഓടി. തുടർന്ന് ഇക്കഴിഞ്ഞയാഴ്ച ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായും രൂക്ഷമായ രാഷ്ട്രിയ വാദം ഉടലെടുത്തു.

തീർത്തും അപ്രതീക്ഷിതമായാണ് ലൗ ജിഹാദിനെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാനെന്ന പേരിൽ ഇടുക്കി രൂപത കഴിഞ്ഞയാഴ്ച കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. പിന്നാലെ തലശേരി, താമരശേരി രൂപതകളിലും സിനിമ കാണിക്കുമെന്ന പ്രഖ്യാപനം വന്നു. ഇതിനിടെയാണ് എ സർട്ടിഫിക്കറ്റുള്ള സിനിമ കുട്ടികളെ കാണിക്കുന്നതിൻ്റെ നിയമപ്രശ്നം ഉന്നയിച്ച് ചിലർ രംഗത്തെത്തിയത്. എന്നാൽ ദൂരദർശന് നൽകാനായി സിനിമ വീണ്ടും സെൻസർ ചെയ്ത് യുഎ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് വ്യക്തമാകുമ്പോൾ വിഷയം കൂടുതൽ സങ്കീർണമാകുകയാണ്.

പരാതിയുമായി രംഗത്തിറങ്ങാൻ ചില കേന്ദ്രങ്ങളിൽ ആലോചന നടക്കുമ്പോൾ, ചിത്രത്തിന്റെ ഏത് പതിപ്പാണ് കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതെന്ന് വ്യക്തത ഉണ്ടാക്കേണ്ടി വരും. ദൂരദര്‍ശന് വേണ്ടി സെൻസർ ചെയ്ത പതിപ്പാണ് എങ്കിൽ ഒരു നിയമനടപടിക്കും സാധ്യതയില്ല. മറിച്ച് തീയറ്ററിൽ ഓടിയ, ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ ഓടുന്ന പതിപ്പാണെങ്കിൽ പരാതിക്ക് സാധ്യതയുണ്ട്. രേഖാമൂലം കിട്ടിയാൽ പോലീസിന് കേസ് റജിസ്റ്റർ ചെയ്യേണ്ടിവരും. ഇത് ഉറപ്പിക്കാന്‍ പല തലങ്ങളിലുള്ള പരിശോധനകൾ വേണ്ടിവരും. മൊഴികൾ രേഖപ്പെടുത്തുന്നതിന് പുറമെ സിനിമ പ്രദർശിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ അടക്കം കണ്ടെത്തേണ്ടി വരും.

സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചിത്രങ്ങള്‍ 18 വയസിന് മുകളിലുളളവര്‍ക്ക് മുന്നില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ എന്നതാണ് വ്യവസ്ഥ. കോർപറേറ്റ് കമ്പനികൾ നടത്തുന്ന രാജ്യത്തെ മൾട്ടിപ്ലക്സുകളിൽ ഒരിടത്തും ഇത്തരം സിനിമകൾ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയാലും കുട്ടികൾകളെ പ്രവേശിപ്പിക്കില്ല. അലോസരപ്പെടുത്തുന്ന അക്രമ രംഗങ്ങള്‍, സ്പഷ്ടവും ശക്തവുമായ ലൈംഗിക രംഗങ്ങള്‍, അധിക്ഷേപകരമായ ഭാഷ, സ്ത്രീകളെയോ ഏതെങ്കിലും സാമൂഹിക വിഭാഗത്തെ അപമാനിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്ന രംഗങ്ങള്‍, വാക്കുകള്‍ എന്നിവ ഉള്‍പ്പെട്ട ചിത്രങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത്തരം രംഗങ്ങൾ ഉളളതിനാലാണ് കേരള സ്റ്റോറിക്കും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top