ലോൺആപ്പുകളുടെ ഇൻ്റർനെറ്റ് കട്ടുചെയ്യും; കർശന ശുപാർശ കേന്ദ്രത്തിനയച്ച് കേരള പോലീസ് സൈബർ വിഭാഗം

തിരുവനന്തപുരം: ആളുകളുടെ ജീവനെടുക്കുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേരളം. ഓൺലൈൻ വായ്പയുടെ പേരിൽ പണം തട്ടുന്ന ലോൺ ആപ്പുകളിൽ 172 എണ്ണത്തിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഐടി വകുപ്പ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പോലീസ് വിഭാഗം ഐടി സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ- കേന്ദ്ര ഐടി വകുപ്പിനോട് അനധികൃത ലോൺ ആപ്പുകളെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിയമവിരുദ്ധമായ 271 ആപ്പുകൾ കണ്ടത്തിയിരുന്നു. ഇതിൽ 90 എണ്ണത്തിനെ ഐടി നിയമം 79 (3) (b) പ്രകാരം നീക്കം ചെയ്തതായി സൈബർ ഓപ്പറേഷൻ വിഭാഗം സംസ്ഥാന ഐടി സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന അനധികൃത ആപ്പുകൾ ഐടി നിയമത്തിലെ 66 A പ്രകാരം ഇൻ്റനെറ്റ് സർവീസ് റദ്ദാക്കണമെന്നാണ് സൈബർ വിഭാഗത്തിൻ്റെ ആവശ്യം. നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിട്ടും അത് പാലിക്കാത്ത 172 ആപ്പുകൾക്കെതിരെയാണ് ഇപ്പോള്‍ കർശന നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

കോഴിക്കോട് സൈബർ ഡോം കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പുൾപ്പെടെയുള്ള മേഖലകളിൽ സർവകലാശാലകൾ വോളൻ്റിയേഴ്സ്, ഐടി കമ്പനികൾ എന്നിവരുമായി ചേർന്ന് ഗവേഷണങ്ങൾ നടത്താനാണ് സൈബർ പോലീസിൻ്റെ തീരുമാനം. ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിലേക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊഡ്യൂസേഴ്സ് (എസ്ഒപി) തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്..

ഈ വർഷം ഇതുവരെ 1427 പരാതികളാണ് ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബർ പോലീസിന് ലഭിച്ചത്. പരാതികളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിലാണ് കർശന നടപടികളുമായി പോലീസ് മുന്നോട്ട് പോകുന്നത്. 2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളുമാണ് ഓൺലൈൻ ആപ്പുകൾക്കെതിരെ ലഭിച്ചിട്ടുള്ളത്. പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചതായി സൈബർ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പരാതിക്കാർ പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണങ്ങൾക്ക് ശേഷം മരവിപ്പിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഓൺലൈൻ ലോൺ തട്ടിപ്പുമായി ബസപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ 620 പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്. ലോൺ ആപ്പുകളുടെ ചതിക്കുഴിയെപ്പറ്റിയും മറ്റ് സൈബർ തട്ടിപ്പുകളെയും പറ്റി ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി വ്യാപക പ്രചരണ പരിപാടികളാണ് സൈബർ പോലീസ് നടത്തുന്നത്. സംസ്ഥാനത്ത് നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിന് ഇരയാവുന്നുണ്ടെങ്കിലും പരാതി നൽകാൻ പലരും തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് തട്ടിപ്പിനിരയായവരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്. അപകടം വിതയ്ക്കുന്ന ഓൺലൈൻ ആപ്പുകളെ കരുതിയിരിക്കണമെന്നും അവയുടെ കെണിയിൽ വീഴരുതെന്ന മുന്നറിപ്പും വ്യാപകമായി സൈബർ പോലീസ് ജനങ്ങൾക്ക് നൽകുന്നുണ്ട്.

ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി വിവരം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പരും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്സാപ്പിൽകൈമാറാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതോടൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ്പ് ലൈന്‍ നമ്പരായ 1930ൽ ഏത് സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top