വിദേശകുടിയേറ്റത്തിൻ്റെ സൂചികയായി പാസ്പോർട്ട് എണ്ണത്തിൽ മുന്നിൽ കേരളം; മലയാളികൾക്കാകെ 99ലക്ഷം; വനിതകളുടെ പാസ്പോർട്ട് കണക്കിലും ഒന്നാമത്

ഡല്‍ഹി: ലോകത്തിന്‍റെ ഏത് കോണിലേക്കും ചേക്കേറാനും കുടിയേറാനും തയ്യാറാകുന്നവരാണ് മലയാളികള്‍ എന്ന ധാരണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പുറത്തുവിടുന്ന പാസ്പോർട്ട് ഉടമകളുടെ കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട്‌ ഉടമകളുള്ള സംസ്ഥാനം കേരളമാണ്. നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 99 ലക്ഷം പേർക്ക് പാസ്പോര്‍ട്ട് ഉണ്ട്. പാസ്പോർട്ട് എടുത്തിട്ടുള്ള വനിതകളുടെ കണക്കിലും കേരളമാണ് മുന്നിൽ.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളത്തിന്‍റെ ഈ മുന്നേറ്റം. 24 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 88 ലക്ഷം പാസ്‌പോർട്ട് ഉടമകളാണുള്ളത്. 13 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയില്‍ 98 ലക്ഷം പേർക്കാണ് പാസ്‌പോർട്ട് ഉള്ളത്. അതേസമയം വിദേശ കുടിയേറ്റക്കാർക്ക് പേരുകേട്ട സംസ്ഥാനമായ പഞ്ചാബിൽ 70.14 ലക്ഷം പാസ്‌പോർട്ട് ഉടമകൾ മാത്രമാണുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാസ്പോര്‍ട്ട് എടുത്തവരുടെ എണ്ണത്തില്‍ 17% വര്‍ധനവാണ് ഉണ്ടായത്. രാജ്യത്തെ 8.8 കോടി പാസ്പോര്‍ട്ട് ഉടമകളില്‍ 35% സ്ത്രീകളാണ്. അതില്‍ ഏറ്റവും കൂടുതല്‍ വനിതാ പാസ്പോര്‍ട്ട് ഉടമകള്‍ ഉള്ളതും കേരളത്തിലാണ്. 99 ലക്ഷത്തില്‍ 42 ലക്ഷം പാസ്പോര്‍ട്ടുകളും സ്ത്രീകളുടെതാണ്. അതേസമയം ഉത്തര്‍പ്രദേശിലെ 80% പാസ്പോര്‍ട്ട് ഉടമകളും പുരുഷന്‍മാരാണ്. 17.3 ലക്ഷം സ്ത്രീകള്‍ക്ക് മാത്രമേ അവിടെ പാസ്പോര്‍ട്ട് ഉള്ളു.

കോവിഡിനുശേഷമാണ് പാസ്‌പോർട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.38 കോടി പുതിയ പാസ്‌പോർട്ടുകൾ നൽകിയപ്പോൾ 2019-ൽ 1.11 കോടി പാസ്പോർട്ടുകളാണ് നൽകിയത്.

1970കൾ മുതൽ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ആരംഭിച്ച മലയാളികള്‍ ഇന്ന് യൂറോപ്പ്, യുകെ, യുഎസ്‌, കാനഡ തുടങ്ങി മോൾഡോവ പോലെ താരതമ്യേന അറിയപ്പെടാത്ത രാജ്യങ്ങളിൽ പോലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ജീവിത നിലവാരമുള്ള പട്ടികയില്‍ രണ്ടാം സ്ഥാനവും കേരളത്തിനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top