2 കോടിപൊടിച്ച് പാലങ്ങൾ അലങ്കരിക്കുന്നു; തെരുവ് വിളക്കുകള്‍ പോലും കണ്ണടച്ചിട്ട്‌ മാസങ്ങള്‍; ഇപ്പോഴത്തെ ധൂര്‍ത്ത് ടൂറിസത്തിന്റെ പേരില്‍

കോ​ഴി​ക്കോ​ട്: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ പ്രയാസമാകുമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ സമയത്താണ് ടൂറിസത്തിന്റെ പേരിലുള്ള മറ്റൊരു ധൂര്‍ത്ത് . തിരഞ്ഞെടുക്കുന്ന പാലങ്ങള്‍ ദീപാലംകൃതമാക്കുകയും അവിടെ പാര്‍ക്ക് സ്ഥാപിച്ച് സെ​ൽ​ഫിപോയന്റ്, വീ​ഡി​യോ വാ​ൾ, കോഫീ ഷോപ്പ്, തെ​രു​വ് ലൈ​ബ്ര​റി, ഗാ​ർ​ഡ​ൻ മ്യൂ​സി​ക്, സൗ​ജ​ന്യ വൈ​ഫൈ, ടോ​യ് ലെ​റ്റ് ബ്ലോ​ക്ക് എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കി സംസ്ഥാന തല ഉദ്ഘാടനമാണ് ഞായറാഴ്ച പൊ​തു​മ​രാ​മ​ത്ത്-വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നിര്‍വഹിച്ചത്. 1.65 കോടിയാണ് പദ്ധതിക്ക് ചിലവ്. റോഡ്സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പറേഷനാണ് ഫണ്ട് നല്‍കിയത്.

പ്രധാന നഗരങ്ങളില്‍ പോലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല. പണമില്ലാത്തതിനാലാണ് ബള്‍ബുകള്‍ മാറ്റിയിടാത്തത്. തലസ്ഥാന നഗരത്തിലെ രാജവീഥികളിൽ പോലും പലയിടത്തും തെരുവ് വിളക്കുകള്‍ കണ്ണടിച്ചിരിക്കുകയാണ്. ഇതെല്ലാം വിസ്മരിച്ചാണ് മറുവശത്ത് ദീപാലങ്കാരങ്ങൾക്കായി കോടികള്‍ പൊടിക്കുന്നത്. കേരളത്തിലെ പ്രധാന പാലങ്ങള്‍ തിരഞ്ഞെടുത്ത് പദ്ധതി നടപ്പിലാക്കും എന്നാണ് മന്ത്രിയുടെ അറിയിപ്പ്. അങ്ങനെയെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പാലത്തിനും രണ്ട് കോടി രൂപ വീതം ചിലവിടേണ്ടിവരും. സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ടില്ലാത്തതിനാല്‍ റോഡ്സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പറേഷൻ്റെ ഫണ്ടാണ് ഫറോക്ക് പാലത്തിനായി ഉപയോഗിച്ചത്. ഇനിയുള്ള പദ്ധതികള്‍ക്ക് പക്ഷെ ആര്‍ബിഡിസികെ ഫണ്ട് ലഭ്യമാകില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

“പ്രധാന പാലങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പൊതു, സ്വകാര്യ മേഖലകളുടെ സഹകരണം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസത്തിനായി ജനകീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജനങ്ങളെ ടൂറിസത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ഇത്തരം പദ്ധതികള്‍ ഉപകരിക്കും”-മന്ത്രിയുടെ ഓഫീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് വിശദീകരിച്ചു. എന്നാല്‍ ഇതൊക്കെ ടൂറിസത്തിന്‍റെ പേരിലുള്ള കാട്ടിക്കൂട്ടല്‍ മാത്രമാണെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു.

പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നത് ടൂറിസത്തെ ഒരു രീതിയിലും സഹായിക്കില്ല- മാധ്യമ പ്രവര്‍ത്തകനും പ്രമുഖ ടൂറിസം കണ്‍സല്‍ട്ടന്റുമായ കെ.വി.രവിശങ്കര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “പ്രദേശത്തുള്ള ആളുകള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്നതിനപ്പുറം ഗുണമില്ല. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരിൽ 80 ശതമാനവും ഇവിടെ തന്നെയുള്ളവരാണ്. അവരാരും പാലത്തില്‍ സമയം ചിലവിടാനോ അവിടെ സെല്‍ഫി എടുക്കാനോ ഒന്നും പോകുന്നില്ല. ടൂറിസത്തിനായി ഫണ്ട് ചിലവഴിക്കുന്നുണ്ടെങ്കില്‍ ഇതര സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും നല്ല നിലയിൽ പ്രചാരണം നടത്തുകയാണ് വേണ്ടത്. അത് കേരള ടൂറിസത്തിന് ഗുണം ചെയ്യും.”-രവിശങ്കര്‍ പറയുന്നു.

“മറ്റ് റോഡുകളിലേക്ക് ലിങ്ക് ചെയ്യുന്നവയാണ് പാലങ്ങള്‍. അവ ടൂറിസത്തിനായി ഉപയോഗിക്കുന്നത് വിചിത്ര ഭാവനയാണ്. ഒറ്റപ്പെട്ട ഇടങ്ങളിലുള്ള പാലങ്ങളുടെ അടിയില്‍ നടക്കുന്നത് അനാശാസ്യ പ്രവര്‍ത്തനങ്ങളാണ്. അലങ്കാര ദീപങ്ങളിലും ആർഭാടങ്ങളിലും ഡ്രൈവറുടെ ശ്രദ്ധ തെറ്റിയാല്‍ അപകട സാധ്യതയും വര്‍ധിക്കുന്നു. പൊതുപണമാണ് ഇതിനായി ചിലവഴിക്കുന്നെങ്കില്‍ അത് ശരിയായ ധൂര്‍ത്ത് തന്നെയാണ്.” -ടൂറിസം രംഗത്തുള്ള മറ്റൊരു പ്രമുഖന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top