കലോത്സവ കോഴക്കേസില്‍ മുന്‍‌കൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍ ഹൈക്കോടതിയില്‍; പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന് ആരോപണം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിൾ, സി. സൂരജ് എന്നിവരാണ് മുന്‍‌കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദമാണ് പരാതിക്ക് പിന്നിലെന്നും പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. തങ്ങള്‍ പരിശീലിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗംകളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് മാര്‍ക്ക്‌ കൂടാന്‍ വിധികര്‍ത്താവുമായി ഒത്തുകളിച്ചെന്ന ആരോപണം മറ്റ് പരിശീലകരും പോലീസും കെട്ടിച്ചമച്ചതാണ്. കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതും കഴിവിനെ ചോദ്യം ചെയ്യുന്നതുമാണ് കേസ്. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികർത്താവ് പി.എൻ.ഷാജി ഇന്നലെ രാത്രി വീട്ടില്‍ ജീവനൊടുക്കി. കോഴ വാങ്ങി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ചൊവ്വ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടവർക്കു മാത്രമാണ് മാർക്ക് നൽകിയതെന്നും പി.എൻ.ഷാജി ആത്മഹത്യാകുറിപ്പില്‍ പറഞ്ഞു. ഷാജിയെ പോലീസ് മര്‍ദിച്ചെന്നും കടുത്ത മനോവിഷത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നും ഷാജിയുടെ അമ്മയും സഹോദരനും ആരോപിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ഷാജിയുടെ വീട് സന്ദര്‍ശിച്ചു. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് സുധാകരന്‍ ആരോപിച്ചു.

കലോത്സവത്തില്‍ വിധികർത്താവായ ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പലതവണ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ഷാജിയുടെ ഫോണ്‍ പരിശോധിച്ചാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മൂവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top