വിസിയെ വെട്ടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്; റജിസ്ട്രാര്‍ക്ക് പുനര്‍നിയമനം; ഇനി റോള്‍ ഗവര്‍ണര്‍ക്ക്

കേരള സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിന്റെ എതിര്‍പ്പ് മറികടന്ന് റജിസ്ട്രാറര്‍ക്ക് പുനര്‍നിയമനം. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് നിര്‍ണ്ണായക തീരുമാനം എടുത്തത്. യുഡിഎഫും പുനര്‍നിയമനത്തെ അനുകൂലിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത 22 അംഗങ്ങളില്‍ രണ്ട് ബിജെപി അംഗങ്ങള്‍ മാത്രമാണ് പുനര്‍നിയമനത്തെ എതിര്‍ത്തത്. പുനര്‍നിയമനങ്ങള്‍ സര്‍വകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കും എന്ന കാരണം പറഞ്ഞായിരുന്നു ബിജെപിയുടെ എതിര്‍പ്പ്.

കേരള റജിസ്ട്രാറര്‍ കെ.അനില്‍ കുമാറിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. അനില്‍ കുമാറിന് പുനര്‍നിയമനം നല്‍കാന്‍ സിന്‍ഡിക്കേറ്റില്‍ ധാരണയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് വിസി സിന്‍ഡിക്കേറ്റ്, സെനറ്റ് യോഗങ്ങള്‍ റദ്ദാക്കിയിരുന്നു. കാരണമായി പറഞ്ഞത് എസ്എഫ്‌ഐ സര്‍വകലാശാല ആസ്ഥാന ഉപരോധമായിരുന്നു. ഇതിനിടെ പുതിയ റജിസ്ട്രാററെ കണ്ടെത്താന്‍ വൈസ് ചാന്‍സലര്‍ വിജ്ഞാപനവും പുറത്തിറക്കി.

ഇതോടെ ഇടത് സിന്‍ഡിക്കേറ്റ് അംഗം മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചു. സിന്‍ഡിക്കേറ്റിന്റെ അധികാരത്തെ വൈസ് ചാന്‍സലര്‍ മറികടന്നുവെന്നായിരുന്നു ഹര്‍ജി. ഇത് അംഗീകരിച്ച ഹൈക്കോടതി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്.

ഇനി ചാന്‍സലറായ ഗവര്‍ണര്‍ എന്തെങ്കിലും നീക്കം നടത്തുമോ എന്നാണ് ഇനി അറിയേണ്ട. റജിസ്ട്രാര്‍ പദവി നീട്ടി നല്‍കുന്നത് സംബന്ധിച്ച് പ്രത്യേകിച്ച് ചട്ടങ്ങളില്‍ പറയുന്നില്ല. എന്നാല്‍ എന്തെങ്കിലും പരാതികള്‍ ലഭിച്ചാല്‍ ചാന്‍സിലര്‍ക്ക് ഇടപെടാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top