കേരള സെനറ്റില്‍ നാടകീയ രംഗങ്ങള്‍; മന്ത്രിയും വിസിയും തമ്മില്‍ തര്‍ക്കം; സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗം ബഹളത്തില്‍ മുങ്ങി

തിരുവനന്തപുരം: വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗത്തിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സാധാരണ യോഗത്തില്‍ പങ്കെടുക്കാറില്ലാത്ത പ്രോ-ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു യോഗത്തില്‍ നേരിട്ട് എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. അധ്യക്ഷത വഹിക്കാനുള്ള മന്ത്രിയുടെ ശ്രമം, വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ തടഞ്ഞതോടെ മന്ത്രിയും വിസിയും തമ്മില്‍ വാക്കേറ്റമായി. എസ്എഫ്ഐയും പ്രതിഷേധവുമായി എത്തിയത് രംഗം കൊഴുപ്പിച്ചു.

സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുക എന്ന ഒരൊറ്റ അജണ്ടയാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. ഈ അജണ്ട മന്ത്രി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസി തടഞ്ഞു. താനാണ് യോഗം വിളിച്ചുകൂട്ടിയത്. അജണ്ട തീരുമാനിച്ചതും താന്‍ തന്നെയാണ്. അതിനാല്‍ മന്ത്രിക്ക് അധ്യക്ഷയാകാന്‍ കഴിയില്ലെന്നാണ് വിസി പറഞ്ഞത്. എന്നാല്‍ ഗവര്‍ണര്‍ എത്താത്തതിനാല്‍ തനിക്ക് അധ്യക്ഷയാകാന്‍ അര്‍ഹതയുണ്ട് എന്നായിരുന്നു പ്രോ-ചാന്‍സലര്‍ കൂടിയായ മന്ത്രിയുടെ വാദം. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങി.

സർവ്വകലാശാലാ ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. അതിനാല്‍ സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കാന്‍ കഴിയില്ലെന്ന് ഇടതു അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ വിസി രംഗത്തെത്തി. ചര്‍ച്ചയില്ലാതെ എങ്ങനെ പ്രമേയം പാസാകുമെന്ന് പ്രതിപക്ഷ അംഗങ്ങളും ഗവര്‍ണറുടെ നോമിനികളും ചോദിച്ചു.

സേര്‍ച്ച് കമ്മിറ്റിയിലേക്ക് കാലടി മുന്‍ വിസി ഡോ.എം.സി.ദിലീപ് കുമാറിന്റെ പേരാണ് പ്രതിപക്ഷം നിര്‍ദേശിച്ചത്. എം.കെ.സി.നായരെ ഗവര്‍ണറുടെ പ്രതിനിധികളും നിര്‍ദേശിച്ചു. വിസിയാണ് പേരുകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നത്. വിസി പേര് കൈമാറിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് നിയമന നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഗവർണർ അറിയിച്ചിരുന്നു.

കേരളയിൽ 17 പേരെ ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്തതിൽ 4 പേരുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരളയില്‍ സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം തിരഞ്ഞെടുത്ത് നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇതുകൊണ്ട് കൂടിയാണ് വിസി സെനറ്റ് യോഗം വിളിച്ചത്.

Logo
X
Top