വിഴിഞ്ഞം തുറമുഖത്ത് ജോലിനേടാൻ കേരള യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾ; പത്തിലേറെ വിഷയങ്ങളിൽ ഉടൻ പരിശീലനം തുടങ്ങും

കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലുകളിലേക്ക് ചെറുപ്പക്കാരെ പരിശീലിപ്പിച്ചെടുക്കാൻ കേരള സർവകലാശാല തയ്യാറെടുക്കുന്നു. തുറമുഖ സുരക്ഷ, ലോജിസ്റ്റിക്സ് പോർട്ട് മാനേജ്മെന്റ്, ടാക്സ് പ്രാക്ടീസ്, അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഡാറ്റാ മാനേജ്മെന്റ്, ഓട്ടോമേഷൻ, പോർട്ട് ആൻഡ് ഷിപ്പിംഗ് ഓപ്പറേഷൻസ്, കാർഗോ ഹാൻഡ്ലിംഗ്, കസ്റ്റമർ സർവീസ്, സപ്ലൈചെയിൻ, ഡോക്യമെന്റേഷ ൻ തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ ഉടൻ തുടങ്ങും. പ്ലസ് ടു കഴിഞ്ഞവർക്ക് ചേരാം.
തുറമുഖം പൂർണമായും സജ്ജമാകുന്നതോടെ അയ്യായിരത്തിലേറെ തൊഴിലവസരങ്ങൾ ഉണ്ടാകും. ഇതിലോരോന്നിനും ആവശ്യമായ കോഴ്സുകളും അവയുടെ പരിശീലനവും സംബന്ധിച്ച് വിഴിഞ്ഞം തുറമുഖ കമ്പനിയായ വിസിലിൽ (VISL) നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സിലബസ് തയ്യാറാക്കുക. ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകൾ കൂടാതെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ടാകും. കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് കോളേജിൽ ഈ വരുന്ന മാസങ്ങളിൽ തന്നെ കോഴ്സുകൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് തുറമുഖത്ത് ഇന്റേൺഷിപ്പും നൽകാനും പദ്ധതിയുണ്ട്.
തുറമുഖവുമായി ബന്ധപ്പെട്ട് പരമാവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങാൻ നീതി ആയോഗിൻ്റെ നിർദ്ദേശവുമുണ്ട്. തുറമുഖത്ത് നേരിട്ട് ഉണ്ടാകുന്ന തൊഴിലവസരങ്ങളുടെ ഇരട്ടിയെങ്കിലും തുറമുഖ അധിഷ്ഠിത വ്യവസായങ്ങളിലും തീരമേഖലയിലും ഉണ്ടാകും. അവയോരോന്നും തിരിച്ചറിഞ്ഞ് ആവശ്യമായ പ്രായോഗിക പരിശീലനം നൽകാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. റാങ്കിങ്ങിൽ മികച്ചനില ഉള്ളതിനാൽ കോഴ്സുകൾ എത്ര വേണമെങ്കിലും തുടങ്ങാൻ കേരള സർവകകലാശാലക്ക് കഴിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here