വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കേരള വര്‍മയിലെ അധ്യാപകനെതിരെ പരാതി ; കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒതുക്കാൻ തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരി അധ്യാപകന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തി. 2023 മേയിൽ കോളേജ് അവധിക്കാലത്ത് ഡി സോൺ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് സംഭവം.

സഹപാഠിയായ വിദ്യാര്‍ത്ഥിനിയെയാണ് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സനേഷ് ക്ലാസ് മുറിയിൽവച്ച് പീഡിപ്പിച്ചത്. അതോടെ വിദ്യാര്‍ത്ഥിനി പഠനം മതിയാക്കി. പ്രതിയെ സംരക്ഷിക്കുന്ന രീതിയിൽ അധ്യാപകൻ പെരുമാറിയപ്പോഴാണ് പോലീസിൽ പരാതിപ്പെട്ടത്.

കഴിഞ്ഞ മാസം 12ന് പെൺകുട്ടിയുടെ മൊഴിയെടുത്ത് പ്രതിയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ ജയിലിലാണ് എസ്എഫ്ഐ നേതാവ്. ബിരുദം അഞ്ചാം സെമസ്റ്റർ പഠിക്കുന്ന പ്രതിയെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അധ്യാപകൻ പലതവണ പോലീസ്‌സ്റ്റേഷനിൽ പോകുകയും കേസ് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞതോടെ അധ്യാപകനോട് വിശദീകരണം തേടാൻ കോളേജ് കൗൺസിൽ തീരുമാനിച്ചിരുന്നു.

ആരോപണവിധേയനായ അധ്യാപകൻ ഒരു വിദ്യാര്‍ത്ഥിയുടെ ഇന്റേണൽമാർക്ക് മനഃപൂർവം കുറച്ചതിന് സർവകലാശാല നടപടി നേരിട്ടയാളാണ്. വിദ്യാര്‍ത്ഥിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയതോടെ അധ്യാപകനോട് പിഴയൊടുക്കാൻ കലിക്കറ്റ് സർവകലാശാല നിർദേശിച്ചിരുന്നു.

എല്ലാ വിഷയത്തിലും മികവ് പുലർത്തിയ വിദ്യാർഥി തോറ്റു. 14 എന്നുള്ള മാർക്ക് അധ്യാപകന്‍ നാലാക്കി മാറ്റുകയായിരുന്നു. പരാതി പരിഗണിച്ച സർവകലാശാല വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുകയും അധ്യാപകനോട് പിഴയൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top