ഒരു വോട്ടിന് ജയിച്ച ചെയര്‍മാനെ വീണ്ടുമെണ്ണി തോല്‍പ്പിച്ച് കേരള വർമ്മ; ഹൈക്കോടതിയെ സമീപിക്കാന്‍ KSU

തൃശൂർ: കേരള വർമ്മ കോളേജിൽ കെഎസ്‌യു 41വർഷങ്ങൾക്ക് ശേഷം നേടിയ ചരിത്ര വിജയം അട്ടിമറിച്ചതായി ആരോപണം. ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ശിവദാസൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയാണ് കാഴ്ചാ പരിമിതിയുള്ള ശ്രീക്കുട്ടൻ. തുടർന്ന് കെഎസ്‌യു നേതാക്കളും പ്രവർത്തകരും വിജയാഘോഷവും തുടങ്ങി. ഇതിനിടയിൽ റീകൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത് വന്നു. ഈ ആവശ്യത്തിനെ കെഎസ്‌യു എതിർത്തു.

ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമായതോടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് റീകൗണ്ടിംഗ് നിർത്തി വയ്ക്കാൻ പോലീസ് അഭ്യർഥിച്ചിരുന്നുവെങ്കിലും കോളേജ് അധികൃതർ അതിനു തയാറായില്ലെന്നാണ് കെഎസ്‌യു നേതാക്കളുടെ ആരോപണം.

നാടകീയ രംഗങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ വീണ്ടും വോട്ടെണ്ണിയപ്പോൾ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ 11 വോട്ടുകൾക്ക് വിജയിച്ചതായി കോളെജ് അധികൃതർ പ്രഖ്യാപിച്ചു. ഇടതുപക്ഷ സംഘടനയിലെ അധ്യാപകർ ഇടപെട്ടാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം വരുത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിംഗ് സമയത്ത് മൂന്ന് തവണ വൈദ്യുതി തടസ്സപ്പെട്ടതായും കെഎസ്‌യു ആരോപിക്കുന്നു. കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്കരിച്ചിരുന്നു. റീകൗണ്ടിംഗിനെതിരേ ഹൈക്കോടതിയെ സമീക്കാനാണ് കെഎസ്‌യു തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top