‘ഇൻതിഫാദ’ പറ്റില്ല; യുവജനോത്സവത്തിൻ്റെ പേര് മാറ്റാൻ കേരള വിസിയുടെ ഉത്തരവ്
തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ വിവാദ പേര് മാറ്റാന്‍ വിസിയുടെ ഉത്തരവ്. എസ്എഫ്ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ നല്‍കിയ ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റാനാണ് വിസി നിര്‍ദ്ദേശം നല്‍കിയത്. അറബി പദമായ ഇന്‍തിഫാദക്ക് പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധമുണ്ടെന്നതിനാലാണ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ മാധ്യമ സിന്‍ഡിക്കറ്റിനോടു പറഞ്ഞു. യുവജനോത്സവം സംഘടിപ്പിക്കുന്നത് പ്രതിഷേധിക്കാനല്ല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കാനും കല വളര്‍ത്താനുമാണെന്നും വിസി പറഞ്ഞു.
യുവജനോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള നോട്ടീസുകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല. യൂണിയന്‍ ഭാരവാഹികളുടെ വിശദീകരണം വിസി തേടി. അത് തൃപ്തികരമല്ലെന്ന് കണ്ടെത്തിയ ശേഷാണ് വിസിയുടെ തീരുമാനം. പലസ്തീനിലെ ഒരു സായുധ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുന്നതാണ് ഇന്‍തിഫാദ എന്ന പദമെന്നും അതിന് കലയും സംസ്‌കാരവുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ വിലക്കുകയാണെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചെറുത്തുനില്‍പ്പ്, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നതാണ് ഇന്‍തിഫാദ എന്ന അറബ് പദത്തിന്റെ അര്‍ത്ഥം. പലസ്തീനിലെ കുട്ടികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളോടുളള പ്രതിഷേധത്തിന്റെ ഭാഗമായാണ് പേര് നല്‍കിയതെന്നാണ് യൂണിയന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് വിസി പൂര്‍ണ്ണമായും തള്ളി.
ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാണിച്ച് ഹൈക്കോടതിയിലും ഹര്‍ജ്ജി വന്നിരുന്നു. നിലമേല്‍ എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എ.എസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കേരള സര്‍വകലാശാല എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാന്‍സലര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 7 മുതല്‍ 11 വരെയാണ് കേരള സര്‍വകലാശാല കലോത്സവം നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here