ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം തടഞ്ഞ് കേരള വിസി; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി; പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇടത് എംപി
തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പരിപാടിയുടെ സംഘാടകര്‍. സര്‍വകലാശാല ആസ്ഥാനത്ത് നിശ്ചയിച്ചിരുന്ന ഈ പ്രഭാഷണ പരിപാടിയാണ് വിസി മോഹനന്‍ കുന്നുമ്മല്‍ വിലക്കിയത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ചൂണ്ടികാട്ടിയാണ് വിസിയുടെ നടപടി. പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് പ്രഖ്യാപിച്ചു. എന്താണ് ജനാധിപത്യം എന്നതില്‍ വ്യക്തമായ ധാരണ ഇല്ലാത്തയാളാണ് വിസി ആയി ഇരിക്കുന്നത്. ഈ വിഷയത്തില്‍ വിസിയാണ് സംവാദം സംഘടിപ്പിക്കേണ്ടത്. ധാര്‍ഷ്ട്യവും ദാസ്യ വേലയും ഒരുമിച്ചാല്‍ ഇങ്ങനെ ഉള്ള ഉത്തരവ് ഉണ്ടാകുമെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നത് പെരുമാറ്റചട്ട ലംഘനമല്ലെന്നും ബ്രിട്ടാസ് പ്രതികരിച്ചു.
യാതോരു രാഷ്ട്രീയ ലക്ഷ്യവുമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ നിലപാട്. ഇതില്‍ വിസി ഏകപക്ഷീയമായി തീരുമാനമെടുത്തത് ശരിയായ നടപടിയല്ല. പരിപാടിയുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here