എസ്എഫ്‌ഐയുടെ ഇടിമുറി മര്‍ദ്ദനത്തില്‍ ഇടപെട്ട് കേരള വിസി; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന കെഎസ്യു പ്രവര്‍ത്തകന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ കേരള സര്‍വകലാശാല വിസിയുടെ നിര്‍ദ്ദേശം. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനാണ് കാമ്പസിനുള്ളില്‍ ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മേല്‍ ആവശ്യപ്പെട്ടു.

കാമ്പസില്‍ ഇടിമുറിയെന്ന ആരോപണം ഗൗരവമായി കാണണം എന്നാണ് വിസിയുടെ നിലപാട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സാഞ്ചോസിനെ ഹോസ്റ്റലിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചത്. ഇക്കാര്യം ചൂണ്ടി കാണിച്ച് രാത്രി തന്നെ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ അര്‍ധരാത്രി കെഎസ്യു പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതില്‍ കേസെടുത്ത് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം.

കെഎസ്യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ സംഘര്‍ഷമായി. സ്ഥലത്തെത്തിയ എം വിന്‍സന്റ് എംഎല്‍എയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതില്‍ ഒരു പോലീസ് ഉദ്യോഗസഅഥന് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സാഞ്ചോസിന്റെ പരാതിയില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here