കേരള സര്‍വകലാശാല യൂത്ത് ഫെസ്റ്റിവല്‍ നിര്‍ത്തിവയ്ക്കാന്‍ വിസിയുടെ ഉത്തരവ്; മത്സരഫലങ്ങള്‍ പ്രഖ്യാപിക്കില്ല; നടപടി കൂട്ടപ്പരാതിയെ തുടര്‍ന്ന്
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂത്ത്‌ഫെസ്റ്റിവല്‍ നിര്‍ത്തിവച്ചു. വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കാനും വിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത്തവണത്തെ യൂത്ത്‌ഫെസ്റ്റിവല്‍ ആദ്യം മുതലേ വിവാദത്തിലായിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ നല്‍കിയ ഇന്‍തിഫാദ എന്ന പേര് പലസ്തീനുമായി ബന്ധമുളളതിനാല്‍ മാറ്റാന്‍ വിസി ഉത്തരവിട്ടിരുന്നു. കലോത്സവം തുടങ്ങിയതു മുതല്‍ വിധി നിര്‍ണയത്തിനെതിരെ പരാതിയുയര്‍ന്നു. പണം വാങ്ങി വിധികര്‍ത്താക്കള്‍ വിജയിയെ നിശ്ചയിക്കുന്നുവെന്നായിരുന്നു പരാതി. ഇതേതുടര്‍ന്ന് കലോത്സവം നിര്‍ത്തിവച്ചിരുന്നു. സര്‍വകലാശാല യൂണിയന്റെ പരാതിയെ തുടര്‍ന്ന് മൂന്ന് വിധികര്‍ത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാജി, സിബിന്‍, ജോമെറ്റ് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന തിരുവാതിര കളി മത്സരത്തിലാണ് കോഴ വാങ്ങിയതായി ആരോപണം ഉയര്‍ന്നത്. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഒന്നാംസ്ഥാനം ലഭിക്കാതെവന്നതോടെയാണ് പരാതി ഉയര്‍ന്നത്. മൂന്നുപേരെയും വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് സര്‍വകലാശാല യൂണിയന്‍ പ്രതിനിധികള്‍ യോഗം ചേര്‍ന്ന ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അവസാന ദിവസവും കൂട്ടപരാതിയും പ്രതിഷേധവുമുണ്ടായതോടെയാണ് കലോത്സവം തന്നെ നിര്‍ത്തിവയ്ക്കാന്‍ വിസി ഉത്തരവിട്ടത്. വിധി നിര്‍ണയ ത്തിനെതിരെ മാര്‍ ഇവാനിയോസ് കോളജ് വിസിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here