‘എണ്ണി തോൽപ്പിക്കാൻ’ ഉന്നത ഇടപെടൽ; KSU ആരോപണം സ്ഥിരീകരിച്ച് കേരള വർമ്മ പ്രിൻസിപ്പല്‍

തൃശൂർ: കേരള വർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.കെ.സുദർശൻ ഇടപെട്ടതായി സ്ഥിരീകരണം. കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ടി.ഡി. ശോഭയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“റീ കൗണ്ടിംഗ് സമയത്ത് തർക്കമുണ്ടായപ്പോൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റാണ് റീ കൗണ്ടിംഗ് തുടരാൻ ആവശ്യപ്പെട്ടത്. മാനേജ്‌മെൻ്റ് പറഞ്ഞാൽ അംഗീകരിക്കാതിരിക്കാനാവില്ല. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ പൂർണ അധികാരം റിട്ടേണിംഗ് ഓഫീസർക്കാണ് ” – ടി.ഡി. ശോഭ പറഞ്ഞു

അതേസമയം, നിയമപരമായ കൗണ്ടിംഗ് പൂർത്തിയാക്കാനാണ് താൻ നിർദേശിച്ചതെന്ന വിശദീകരണവുമായി എം.കെ. സുദർശൻ രംഗത്തെത്തി. ഇടക്ക് വെച്ച് നിർത്തിവെച്ച വോട്ടെണ്ണൽ തുടരാനാണ് നിർദേശിച്ചത്. അല്ലാതെ മറ്റൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും സുദർശൻ വ്യക്തമാക്കി.

രാത്രി വൈകിയും വോട്ടെണ്ണി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചത് ഉന്നത നിര്‍ദേശ പ്രകാരമാണെന്ന ആരോപണം ഇന്ന് കെഎസ് യു നേതാക്കൾ ആരോപിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്നും കെഎസ് യു ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി കോളേജ് പ്രിൻസിപ്പലും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറും രംഗത്തെത്തിയത്.

കേരളവര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചതായി കോളേജ് അധികൃതർ പ്രഖ്യാപിക്കുയായിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗിനിടയിൽ പല തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയിൽ ബാലറ്റ് ബോക്സിലെ വോട്ടുകളുടെ എണ്ണം കൂടിയെന്നും ശ്രീക്കുട്ടൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

” ആദ്യഘട്ടത്തിൽ വോട്ടെണ്ണിയപ്പോൾ ഞങ്ങൾ ഞങ്ങൾ വിജയിച്ചിരുന്നു. ആ റിസൾട്ട് അംഗീകരിക്കാൻ എസ്എഫ്ഐ തയ്യാറായില്ല. അവർ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് കോളേജ് അധികൃതർ വീണ്ടും വോട്ടെണ്ണാൻ തീരുമാനിച്ചു. റീ കൗണ്ടിംഗിനിടയിൽ പല തവണ വൈദ്യുതി വിച്ഛേദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയിൽ ആദ്യം എണ്ണിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ബാലറ്റ് ബോക്സിനുള്ളിൽ കണ്ടു. പിന്നീട് പല കാര്യങ്ങും ശരിയായ രീതിയിലല്ല നടന്നത്. ഇക്കാര്യങ്ങളെ ഞങ്ങൾ എതിർത്തു. റീ കൗണ്ടിംഗ് നിർത്തിവെക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ അതിന് തയാറാവാതെ കോളേജ് അധികൃതർ വോട്ടെണ്ണുന്നത് തുടരുകയും എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു” – ശ്രീക്കുട്ടൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top