കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍; കേരളത്തില്‍ ചൊവ്വാഴ്ച വരെ അതിതീവ്ര മഴ; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇടവപ്പാതി 31ന്
കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവർഷം (ഇടവപ്പാതി) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം. മേയ് 31ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ 15 മുതല്‍ കാലവര്‍ഷം രാജ്യത്ത് ശക്തി പ്രാപിക്കും. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്നാണ് അറിയിപ്പ്.
കേരളത്തിൽ കാലവർഷം എത്തുന്ന തീയതി കണക്കാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കടുത്ത ചൂടും ഉഷ്ണതരംഗ മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷത്തിന്‍റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്. അതേസമയം, കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുതൽ മൂന്ന് ദിവസം റെഡ് അലർട്ടാണ്.
അടുത്ത മൂന്നു മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here