അതിതീവ്ര മഴ; ദുരിതപ്പെയ്ത്ത്; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളത്തില്‍ അതിതീവ്രമഴയും ദുരിതങ്ങളും തുടരുന്നു. മലപ്പുറത്ത് മണ്ണിടിച്ചിലില്‍ ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂട്ടിലങ്ങാടി കാടാമ്പുഴ റോഡിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങി മരിച്ചു. പടിയയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ പാനൂരില്‍ കെ.കെ.വി.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. കുട്ടികളെ ബസ്സില്‍ നിന്നും സുരക്ഷിതരാക്കി മാറ്റി. മാഹിയില്‍ മയ്യഴിപ്പുഴ കരകവിഞ്ഞു. പെരിങ്ങത്തൂരിൽ വിനോദ സഞ്ചാര വകുപ്പിന്റെ രണ്ട് ബോട്ട് ജെട്ടികളും വെള്ളത്തില്‍ മുങ്ങി. പാലക്കാട് ആലത്തൂര്‍ കാട്ടുശേരി വാവോലിയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരുക്കേറ്റു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തടര്‍ന്ന് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. മരം കടപുഴകിവീണും ഒഴുക്കിൽപ്പെട്ടും നിരവധി അപകടങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ റോഡിന്റെ സൈഡ് വശത്തു റോഡ് വിണ്ടു കീറി. പോലീസ് ഇവിടെ അപായ മുന്നറിയിപ്പ് നല്‍കി.

അതിശക്തമായ മഴ തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top