കേന്ദ്രത്തിനെതിരെ കേരളത്തിൻ്റെ സർജിക്കൽ സ്ട്രൈക്ക്; രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടങ്ങുന്നു; നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ചത് ചോദ്യം ചെയ്യും

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻ്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. രാഷ്ട്രപതി സ്വീകരിച്ച നടപടികളുടെ നിയമസാധുത പരിശോധിക്കാനാണ് കേരളം തയാറെടുക്കുന്നത്. വിധി എന്തുതന്നെയായാലും പുതിയ ഭരണഘടനാ സംവാദത്തിന് വഴിതുറക്കുന്നതാണ് കേരളത്തിൻറെ അസാധാരണ നീക്കം.

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുന്ന യൂണിവേഴ്സിറ്റി ബില്ലടക്കം സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതി തടഞ്ഞു വച്ചിരിക്കുന്നത്. നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയച്ച ബില്ലുകൾ ദീർഘനാളായി രാജഭവൻ തടഞ്ഞു വച്ചിരുന്നു. ഇതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ്2023 നവംബറിൽ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചത്.

സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച രണ്ടുബില്ലുകൾ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകൾ, വൈസ് ചാൻസലർ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബിൽ, ലോകായുക്ത നിയമഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതിൽ ലോകത്തെ നിയമഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. മറ്റ് ബില്ലുകൾ തടഞ്ഞു വയ്ക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ ഈ നടപടിക്കെതിരെയാണ് കേരളം അസാധാരണനീക്കത്തിന് തയ്യാറെടുക്കുന്നത്. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രാഷ്ട്രപതിക്കെതിരെ ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരു ഭരണഘടന സംവാദത്തിന് കൂടി വഴിയൊരുക്കുന്നതാണ് ഈ നീക്കം. ആദ്യമായി രാഷ്ട്രപതിയുടെ തീരുമാനങ്ങൾ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അവലോകനം നടക്കും. വിധി എന്ത് തന്നെയായാലും അത് വരുംകാലങ്ങളിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമാകും.

സംസ്ഥാനത്തിന് നേരിട്ട് നിയമനിർമ്മാണത്തിന് ഭരണഘടന പരിമിതപ്പെടുത്തിയ വിഷയങ്ങളിൽ പോലും ഗവർണ്ണറുടെ കടന്നു കയറ്റം അംഗീകരിക്കാൻ ആകില്ലെന്ന് കേരളം വാദം ഉന്നയിക്കും. അതുകൊണ്ടുതന്നെ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിത്ത് നടപടി ശരിയായില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബില്ലുകളൊന്നും ഒരു കേന്ദ്ര നിയമനിർമ്മാണത്തിനും എതിരല്ല, രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെടുന്നതവയുമല്ല ബില്ലുകൾ എന്ന് നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഗവർണർ തന്നെ ഒപ്പിട്ട ഓർഡിനൻസുകൾ നിയമസഭാ പാസാക്കി ബില്ലയ എത്തുമ്പോൾ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കേണ്ടതില്ലെന്നും കേരളം വ്യക്തമാക്കുന്നു. രാഷ്ട്രപതി അനുമതി തടഞ്ഞുവച്ചതിൻ്റെ കാരണങ്ങൾ അറിയില്ലെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടും. സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിക്കണോ അതോ നിലവിലുള്ള ഹർജിയുമായി കൂട്ടി ചേർക്കണമോ എന്ന കാര്യത്തിൽ സംസ്ഥാനം ഉടൻ തീരുമാനമെടുക്കും. ദ ഹിന്ദു ദിനപത്രത്തിൽ കെ.എസ്. സുധിയാണ് കേരളത്തിൻറെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top