കല്യാണംമുടക്കികൾ സാമൂഹ്യ പ്രശ്നമാകുന്നു, വീടുകയറി മർദ്ദനം, കട ഇടിച്ചുനിരത്തൽ…. പൊറുതിമുട്ടിയ യുവാക്കളുടെ പ്രതിഷേധം കാണാതെ പോകരുത്

വിവാഹാലോചന മുടക്കിയതിൻ്റെ പേരിൽ രണ്ടുവർഷം മുമ്പ് കണ്ണൂർ ചെറുപുഴയിൽ 31കാരനായ ആൽബിൻ മാത്യു എന്ന യുവാവ് ജെസിബി ഉപയോഗിച്ച് അയൽവാസിയുടെ കട ഇടിച്ചു നിരത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്. ചെറുപുഴ ഇടവരമ്പ് ഊമലയിൽ 2022 ഒക്ടോബർ 10 തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പലചരക്ക് കച്ചവടം നടത്തുന്ന പുളിയാർമറ്റത്തിൽ സോജിയുടെ കടയാണ് ആൽബിൻ തകർത്തത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അതേ മോഡൽ ഓപ്പറേഷനാണ് ആൽബിനും നടത്തിയത്. വിവാഹം മുടക്കിയതാണ് പ്രകോപനമെന്ന് ആൽബിൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ജെസിബി കസ്റ്റഡിയിലെടുത്ത ചെറുപുഴ പോലീസ് ആൽബിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.

ഇത് ഒറ്റപ്പെട്ട കേസല്ലെന്നും ഇത്തരം കല്യാണം മുടക്കുന്ന പരിപാടി അവിടെ അവസാനിച്ചില്ലെന്നും വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം മലപ്പുറം കോട്ടയ്ക്കലിൽ 63കാരനായ കുട്ട്യാലിയെ ഒരുസംഘം വീടുകയറി ആക്രമിച്ച സംഭവം. അയൽവാസിയായ നാഫി, പിതാവ് തയ്യിൽ അബ്ദു, ബന്ധു ജാഫർ എന്നിവർ ചേർന്ന് കുട്ട്യാലിയെ അടിച്ച് അവശനാക്കിയത് വിവാഹം മുടക്കിയെന്ന് ആരോപിച്ചാണ്. മർദ്ദനദൃശ്യങ്ങൾ ഇവർ തന്നെ മൊബൈലിൽ ചിത്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. നാഫിക്കും പിതാവിനുമെതിരെ കോട്ടയ്ക്കൽ പോലീസ് കേസെടുത്തു.

വിദേശത്ത് ജോലി ചെയ്യുന്ന നാഫി നാട്ടിലെത്തിയത് ഇക്കഴിഞ്ഞ ആഴ്ചയാണ്. അയാൾക്ക് വിവാഹം ആലോചിച്ച ചില പെൺകുട്ടികളുടെ വീട്ടുകാർ കുട്ട്യാലിയോട് തിരക്കിയിരുന്നു. അയാൾ പരദൂഷണം പറഞ്ഞ് കല്യാണം മുടക്കിയെന്നാണ് നാഫിയും വീട്ടുകാരും പറയുന്നത്. “ആവലാതിക്കാരൻ (കുട്ട്യാലി) രണ്ടാം പ്രതിയുടെ വിവാഹം മുടക്കുന്നു എന്ന വിരോധത്താൽ കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ അതിക്രമിച്ചു കയറി വീടിൻ്റെ കോലായിൽ വച്ച് ഒന്നാം പ്രതി മുഖത്തടിച്ചും ദേഹോപദ്രവം ഏൽപ്പിച്ചു ” എന്നാണ് കോട്ടയ്ക്കൽ പോലീസിൻ്റെ എഫ്ഐആറിൽ പറയുന്നത്.

നാട്ടിലെ പരദൂഷണങ്ങൾ ഗുരുതര സാമൂഹ്യപ്രശ്നമായി മാറുന്നുവെന്നാണ് ഈ രണ്ട് സംഭവങ്ങളും തെളിയിക്കുന്നത്. പഴയകാല പരദൂഷണ സ്വഭാവം വിട്ട് ഇപ്പോൾ പല ആക്ഷേപങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സ്ഥിതി കൂടിയായിട്ടുണ്ട്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. നൂറ് ശതമാനം സാക്ഷരതയും നിയമബോധവുമുള്ള സമൂഹത്തിൽ നിന്നാണ് ഇത്തരം നീചകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങൾ സർവ്വസാധാരണമായി തുടരുന്ന നാട്ടിൽ വരനെയും വധുവിനെയും കുറിച്ച് പലയിടത്തും അന്വേഷിക്കുന്നത് നാട്ടുനടപ്പാണ്. ഇതാണ് ചിലർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത്.

രണ്ടുവർഷം മുമ്പ് കല്യാണംമുടക്കികളായ അമ്മാവന്മാർക്കെതിരെ കോഴിക്കോട് ഗോവിന്ദപുരത്ത് നിന്നുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ പ്രതിഷേധം വ്യത്യസ്തമായ ഒരു ഫ്ളക്സ് ബോർഡായി പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. അതിലെ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു. “കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നുവരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക.” ഗോവിന്ദപുരം ചുണക്കുട്ടികള്‍ എന്ന പേരിൽ ഈ ബോർഡ് സ്ഥാപിച്ച ശേഷം കല്യാണം മുടക്കികൾ തൽക്കാലത്തേക്ക് മുങ്ങിയെന്നാണ് കേട്ടത്.

അഞ്ചുവർഷം മുമ്പ് തിരുവനന്തപുരം പള്ളിപ്പുറത്തും കല്യാണം മുടക്കികൾക്കെതിരെ ബോർഡ് പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഈ ബോർഡ് വൈറലായിരുന്നു. “കല്യാണം മുടക്കികളേ സൂക്ഷിച്ചോ, ഇനി ഞങ്ങളുടെ കാര്യത്തില്‍ ഇടപ്പെട്ടാല്‍ കളി കാര്യമാകും.” ഇതായിരുന്നു മുന്നറിയിപ്പ്. ബോർഡ് മാറ്റിയാൽ ചുട്ട അടിതരുമെന്നും അതിൽ കുറിച്ചിരുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമത്തിലെ കല്യാണം മുടക്കികൾക്കെതിരെ ഒരുപറ്റം ചെറുപ്പക്കാർ ഗ്രാമത്തിലാകെ മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കാൻ കാരണമുണ്ടായി. കോട്ടയത്ത് സ്വകാര്യ കമ്പനിയിൽ ജോലിയുള്ള ചെറുപ്പക്കാരന്റെ 12 കല്യാണാലോചനകൾ ഒന്നരവർഷത്തിനുള്ളിൽ മുടങ്ങി. ഇത് ഒരാളുടെ മാത്രം അനുഭവമല്ലായിരുന്നു. പ്രദേശത്തെ ഒരുപാട് ചെറുപ്പക്കാർക്ക് സമാന അനുഭവങ്ങൾ ഉണ്ടായി. ഈ ഘട്ടത്തിലാണ് സാമൂഹ്യദ്രോഹികൾക്കെതിരെ ആഞ്ഞടിക്കാൻ അവർ സംഘംചേർന്ന് തീരുമാനിച്ചത്.

അന്യൻ്റെ കാര്യത്തിൽ ഇടപെട്ട് ശല്യമുണ്ടാക്കുന്നവരുടെ ഉദ്ദേശ്യം പലതാകാം. അസൂയ മുതൽ വിരോധം പല ഘടകങ്ങളുണ്ട്. എന്ത് തന്നെയായാലും നിയമം കൊണ്ട് കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായി പലപോഴും ഇത് മാറുന്നുണ്ടെന്നാണ് സമീപകാല അനുഭവങ്ങൾ പലതും തെളിയിക്കുന്നത്. വെറും വിവാഹം മുടക്കുന്നു എന്ന തരത്തിൽ ചെറുതാക്കികാണേണ്ടതല്ല ഇവരുടെ അസുഖമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇത്തരം കല്യാണം മുടക്കികളെ കായികമായി നേരിട്ടതിൻ്റെ പേരിൽ ജയിൽവാസം അനുഭവിച്ച പലരും നമുക്കിടയിലുണ്ട് എന്നതാണ് സത്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top