ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് തുറക്കുന്നു; ജലപാതാ വികസനത്തിൽ തലസ്ഥാനത്ത് വൻ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ്‌ പാലം പൂര്‍ത്തിയായി. കോവളം – ബേക്കൽ ജലപാതയിൽ പാര്‍വതിപുത്തനാറിന് കുറുകെയാണ് ഈ പാലം സ്ഥാപിച്ചിരിക്കുന്നത്. ബോട്ട്‌ കടന്നുപോകുമ്പോൾ ഉയർത്താനും താഴ്ത്താനും കഴിയുന്ന പാലത്തിനെ എ- ക്ലാസ് ലോഡിങ്ങ് സ്റ്റീല്‍ ലിഫ്റ്റ് ബ്രിഡ്ജ് എന്നാണ് വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കഴക്കൂട്ടം – കാരോട് ദേശീയപാതയ്ക്ക് അടുത്തുള്ള കരിക്കകം ക്ഷേത്രത്തിനു സമീപമാണ് പാലം പണിതിരിക്കുന്നത്. 3.5 കോടി ചിലവിലാണ് പാലത്തിന്റെ നിര്‍മാണം.

ബോട്ടുകൾ കടന്നുപോകുമ്പോൾ പാലം 5 മീറ്റർ വരെ ഉയർത്താനാകും. 22 മീറ്റര്‍ നീളത്തിലും നാലര മീറ്റര്‍ വീതിയിലുമാണ് നിർമ്മിച്ചത്. പൂർണ്ണമായും ലോഹ നിർമ്മിതമായ പാലത്തിൽ 100 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവർത്തിപ്പിക്കാം. ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് ലിഫ്റ്റ്‌ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം പാലം കടന്നുപോകുന്ന ആറ്റിലെ മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചതായി ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ. ജേക്കബ്‌ പറഞ്ഞു.

പാര്‍വതി പുത്തനാറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കുന്ന ജോലിയാണ് നടന്നുവരുന്നത്. വരുന്ന 20നാണ് മുഖ്യമന്ത്രി പാലവും പുനരധിവാസ പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന ദിവസം അടുത്തിരിക്കെ ഇവിടെ നിന്നും നീക്കിയ മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതര്‍.

Logo
X
Top