വട്ടു സോഡ റീലോഡഡ്; അമേരിക്കയിലും യൂറോപ്പിലും വൻ ഹിറ്റ്

ഒരു കാലത്ത് കേരളത്തിലെ ചാരായ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും വട്ടു സോഡ അവിഭാജ്യ ഘടകമായിരുന്നു. വട്ടു സോഡ ചേർത്ത നാരങ്ങ വെള്ളം മലയാളിയുടെ ഉത്തമ ദാഹശമനി ആയിരുന്നു. വട്ടു സോഡ, ഇതാ കടൽ കടന്ന് അമേരിക്കയിലും യൂറോപ്പിലും വൈറലാണ്.
വട്ടു സോഡയുടെ മാഹാത്മ്യം ലുലുവിൻ്റെ ഉടമസ്ഥൻ യൂസഫലി അങ്ങ് അമേരിക്കയിലും എത്തിച്ചു കഴിഞ്ഞു. അവിടെ മാത്രമല്ല യുകെ, യൂറോപ്പ് , ഗൾഫ് എന്നിവിടങ്ങളിൽ ഗോലി സോഡ വമ്പൻ ഹിറ്റാണ്. ലുലു ഹൈപ്പർ മാർക്കറ്റിലൂടെയാണ് വട്ടു സോഡ വിറ്റഴിയുന്നത്. ഹിന്ദിക്കാര് പറയുന്ന ഗോലി സോഡയെ റീ ബ്രാൻഡ് ചെയ്ത് ഗോലി പോപ്പ് സോഡ (Goli Pop Soda) എന്ന പേരിലാണ് ലുലുവിൽ എത്തിച്ചിരിക്കുന്നത്. ഫെയർ എക്സ്പോർട്ട് എന്ന സ്ഥാപനവും ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്നാണ് വിദേശ രാജ്യങ്ങളിൽ റീ ലോഞ്ച് ചെയ്തിരിക്കുന്നത്.
പടക്കം പൊട്ടുന്ന ശബ്ദത്തോടെ സോഡ തുറക്കുന്നത് തന്നെ ഒരു കലയാണ്. പുതിയതായി നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സോഡ തുറക്കാനായി പ്രത്യേക ഓപ്പണറുമുണ്ട്. ഒരു കാലത്ത് നാട്ടിലെ കുടിൽ വ്യവസായമാ യിരുന്ന വട്ടു സോഡ. മൾട്ടി നാഷണൽ പാനീയ കമ്പിനികളായ പെപ്സിയുടേയും കൊക്കോ കോളയുടേയും വരവോടെ ഫീൽഡ് ഔട്ടായി. രാജ്യത്തിൻ്റെ ഗ്രാമീണ ഉൽപന്നങ്ങൾ ഉന്നത നിലവാരത്തിൽ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻ്റ് പ്രൊസസ് ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡവലപ്മെൻ്റ് അതോരിറ്റി (Agricultural & processed
Food products export development authority) യാണ് സോഡയുടെ കയറ്റുമതി പ്രോത്സാഹിപ്പിച്ചത്.
അതിലുപരി ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ചില ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് തെളിയിച്ച ഉൽപന്നമാണ് വട്ടു സോഡ അഥവ ഗോലി സോഡ. നല്ല വൃത്തിയും ഉന്നത ഗുണ നിലവാരവുമുണ്ടെങ്കിൽ ഏത് മൾട്ടി നാഷണൽ പ്രോഡക്ടിനോടും മത്സരിക്കാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും കഴിയുമെന്ന് തെളിയിച്ച സംഭവമാണ് സോഡയുടെ റീ- ബ്രാൻഡിംഗ് .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here