കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്; ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും; ആർ.എൻ. രവിക്ക് വീണ്ടും രൂക്ഷവിമർശനം
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം നൽകിയ റിട്ട് ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗവർണർ ഒഴികെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. കേന്ദ്ര സർക്കാറിന് പുറമെ രണ്ടാം എതിർകക്ഷിയായ ഗവർണറുടെ അഡീഷണല്‍ സെക്രട്ടറിക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കേരളത്തിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കാതെ പിടിച്ചു വച്ചിരിക്കുന്ന ബില്ലുകളിൽ മൂന്നെണ്ണം മുമ്പ് ഓർഡിനനൻസായി അയച്ചപ്പോൾ ഗവർണർ ഒപ്പ് വച്ചതാണെന്നും അദ്ദേഹം വാദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്രത്തിൻ്റെ നിലപാട് വ്യക്തമാക്കാൻ കോടതിയിൽ ഉണ്ടായിരിക്കണമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതി നിർദേശിച്ചു. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
എട്ട് ബില്ലുകളിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെയാണ് ഗവർണർക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണൻ എംഎൽഎയുമാണ് ഹർജിക്കാർ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗവർണറുടെ നടപടി കേരളത്തിലെ ജനങ്ങളോടും നിയമസഭാംഗങ്ങളോടും കാട്ടുന്ന കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ ഗവർണർ ആർ.എൻ രവിക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നും കോടതി നടത്തിയത്. ബില്ലുകൾ 2020 മുതൽ കെട്ടിക്കിടക്കുന്നുവെന്നും മൂന്ന് വർഷമായി ഗവർണർ എന്താണ് ചെയ്യുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. സർക്കാർ കോടതിയെ സമീപിച്ചപ്പോഴാണ് ഗവർണർ നടപടിയെടത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയുടെ വകുപ്പ് 200 പ്രകാരം ഗവർണര്‍ക്ക് നിയമസഭ പാസാക്കുന്ന ബില്ലുകൾ ദീർഘകാലം പിടിച്ചുവെക്കാൻ അധികാരമല്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ വാദിച്ചു ഒരു ഗവർണർക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാതെ ഒരു ബില്ലിന്റെ അനുമതി തടഞ്ഞുവയ്ക്കാൻ കഴിയുമോ എന്നും കോടതി വിമർശിച്ചു. ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ ശനിയാഴ്ച പ്രത്യേകസമ്മേളനം ചേര്‍ന്ന് തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. ഇവ വീണ്ടും ഗവർണറുടെ പരിഗണനക്കായി അയച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ”ഗവർണർ എന്ത് ചെയ്യുമെന്ന് നോക്കാം ” എന്നറിയിച്ചു. ഹർജി ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here