‘മഞ്ഞുമ്മൽ ബോയ്സ്’ മാറ്റില്ല; ‘ഫിയോക്ക്’ പ്രതിസന്ധിയിൽ, പിളർപ്പ് ഒഴിവാക്കാൻ തീവ്രശ്രമം; റിലീസ് മുടക്കാനുള്ള നീക്കത്തോട് നിർമാതാക്കൾ സഹകരിക്കില്ല
കൊച്ചി: കേരളത്തിലെ തിയേറ്റര്‍ സംഘടനായ ഫിയോക് പിളര്‍പ്പിലേക്ക്. വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക് പ്രഖ്യാപിച്ചതാണ് കാരണം. സമര പ്രഖ്യാപനത്തെ തള്ളിയുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനമാണ് നിര്‍ണ്ണായകമായത്.
ശ്രീഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ 22ന് തന്നെ റിലീസ് ചെയ്യാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഫിയോക്കിന്റെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരുടെ സമര പ്രഖ്യാപനത്തെ വെല്ലുവിളിച്ചാണ് ഇത്. ഈ സിനിമയ്ക്ക് റിലീസ് സാഹചര്യമൊരുക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തിയേറ്റര്‍ ഉടമകളും തയ്യാറായിട്ടുണ്ട്. ഇത് ഫിയോക് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഫിയോകിന്റെ ജനറല്‍ബോഡി കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഈ മാസം 21 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം എടുക്കാനായിരുന്നു ഫിയോക്കിലെ ചിലരുടെ ശ്രമം. ഇതിനെ വലിയൊരു വിഭാഗം എതിര്‍ത്തു. തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അവര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. അതിന് ശേഷവും തീരുമാനം മാറിയില്ല; റിലീസ് മുടക്കാനുള്ള തീയേറ്റർ സംഘടന ‘ഫിയോക്കി’ൻ്റെ പ്രഖ്യാപനം പുറത്തുവന്നു. ഇതോടെയാണ് സംഘടനയിലെ എതിര്‍പ്പ് മറനീക്കി പുറത്തു വരുന്നത്. സിനിമകള്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഫിയോക്കിലെ വലിയൊരു വിഭാഗത്തിന്റെ തീരുമാനം. ഇത് പിളര്‍പ്പിന് സാഹചര്യമൊരുക്കും.
ഫിയോക്കിന്റെ ജനറല്‍ ബോഡിയിൽ വലിയൊരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ പങ്കെടുത്തിരുന്നില്ല. സിനിമയെ പ്രതിസന്ധിയിലാക്കുന്ന നീക്കത്തിൽ വിയോജിച്ചാണ് പലരും വിട്ടുനിന്നത്. അന്യഭാഷാ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനുള്ള ഫിയോക്കിലെ ചിലരുടെ താല്‍പ്പര്യം മലയാള സിനിമയെ തകര്‍ക്കും. ഇത് മനസ്സിലാക്കിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനവുമായി മുമ്പോട്ട് പോകാന്‍ തീരുമാനം എടുത്തത്. ഇതുമായി ഭൂരിഭാഗം തിയേറ്ററുകളും സഹകരിക്കും.
മുമ്പ് ലിബർട്ടി ബഷീറിൻ്റെ നേതൃത്വത്തില്‍ ഫെഡറേഷനായിരുന്നു തിയേറ്ററുകളുടെ പ്രമുഖ സംഘടന. റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ഫെഡറേഷന്‍ പിളര്‍ന്ന് ഫിയോക് ഉണ്ടായി. നടന്‍ ദിലീപും മോഹന്‍ലാലിന്റെ പിന്തുണയുള്ള ആന്റണി പെരുമ്പാവൂരുമായിരുന്നു ഫിയോക്കിന് പിന്നില്‍ നിന്ന പ്രധാനികള്‍. ഇന്ന് രണ്ടു പേരും ഫിയോക്കില്‍ സജീവമല്ല. അഞ്ചല്‍ വിജയകുമാറാണ് നിലവില്‍ ഫിയോക്കിന്റെ അധ്യക്ഷന്‍. അഞ്ചല്‍ വിജയകുമാറിനോട് ഫിയോക്കിലെ ബഹുഭൂരിഭാഗം പേരും വിയോജിക്കുകയാണ്. ഇതാണ് സംഘടനയില്‍ പിളര്‍പ്പ് അനിവാര്യമാക്കുന്നത്.
സിനിമയിലെ കൂട്ടുത്തരവാദിത്തം തിയേറ്റര്‍ ഉടമകളുടെ സംഘടന മറക്കുന്നുവെന്ന വിലയിരുത്തല്‍ സിനിമാ മേഖലയിലെ മറ്റ് സംഘടനകള്‍ക്കുമുണ്ട്. ഇവരെല്ലാം ഫിയോക്കിനെ നിശതമായി വിമര്‍ശിക്കുന്നുണ്ട്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്‍ ത്തിവെയ്ക്കുന്നത് എന്നുമായിരുന്നു ഫിയോക്കിന്റെ തലപ്പത്തുള്ളവരുടെ നിലപാട്. എന്നാല്‍ ഇതൊന്നും നിലവിലെ സാഹചര്യത്തില്‍ ഒരു സിനിമാ സംഘടനയും അംഗീകരിക്കുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here