‘കേരളീയ’ത്തിന് പണം വന്നത് എങ്ങനെ; ഒരു വിവരവും അറിയില്ലെന്ന് മറുപടി; മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് പ്രാണകുമാര്‍

തിരുവനന്തപുരം: കേരളീയത്തിന്‍റെ സ്പോണ്‍സര്‍മാര്‍ ആരെന്നും ഇവരില്‍ നിന്നും എത്ര തുക പിരിച്ചുവെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് കെപിസിസി സെക്രട്ടറിയും അഭിഭാഷകനുമായ സി.ആര്‍.പ്രാണകുമാര്‍ മാധ്യമ സിന്‍ഡിക്കേറ്റിനോട് പറഞ്ഞു.

“സ്പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനര്‍ ലോട്ടറി വകുപ്പ് ഡയറക്ടറും ജിഎസ്ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറുമായ എബ്രഹാം റെന്‍ ആണ്. എന്നാല്‍ സ്പോണ്‍സര്‍മാരെക്കുറിച്ച് ഒന്നും അറിയില്ലെന്നും മറുപടിക്കായി പിആര്‍ഡിയിലേക്ക് കൈമാറിഎന്നുമാണ് ലോട്ടറി വകുപ്പ് നല്‍കിയ മറുപടി. കണക്ക് ചോദിച്ചപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ് ചെയ്തത്. കൂടുതല്‍ പിരിവ് നടത്തിയതിന് കേരളീയം വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എബ്രഹാം റെന്നിനെ ആദരിച്ചു. മാഫിയകളെ ഉപയോഗിച്ചുള്ള പിരിവാണ് നടത്തിയത്. മാഫിയകള്‍ ആരൊക്കെയാണെന്ന് മുഖ്യമന്ത്രിക്കും എബ്രഹാം റെന്നിനുമാണ് അറിയുന്നത്”-പ്രാണകുമാര്‍ പറയുന്നു.

കേരളീയം സ്പോണ്‍സര്‍മാരെക്കുറിച്ച് ചീഫ് സെക്രട്ടറിയോടാണ് പ്രാണകുമാര്‍ മറുപടി ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി ആദ്യമേ കൈമലര്‍ത്തി. വിവിധ വകുപ്പുകളിലേക്കാണ് അയക്കുകയാണ് എന്നാണ് അറിയിച്ചത്. ടൂറിസം, വ്യവസായം, നികുതി, സാംസ്കാരികം വകുപ്പിലേക്കൊക്കെ ഈ ചോദ്യം സഞ്ചരിച്ചു. ഏറ്റവും ഒടുവിലായി ടൂറിസം വകുപ്പില്‍ നിന്നാണ് മറുപടി ലഭിച്ചത്.

സ്പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനറായ ലോട്ടറി ഡയറക്ടർ എബ്രഹാം റെന്നിന് കണക്കുകള്‍ അറിയാമെന്നും വിശദാംശങ്ങള്‍ അവിടെനിന്നും ലഭിക്കുമെന്നുമാണ് ടൂറിസം ഡയറക്ടര്‍ നല്‍കിയ മറുപടി. ഒരു വിവരവും ലഭ്യമല്ലെന്നും പിആര്‍ഡി ഡയറക്ടര്‍ക്ക് കൈമാറിയെന്നുമാണ് ലോട്ടറി ഡയറക്ടറേറ്റ് നല്‍കിയ മറുപടി. മറുപടി പറയേണ്ട സ്പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനറും പന്ത് പിആര്‍ഡിയിലേക്ക് തട്ടി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

കോടികള്‍ പൊടിച്ചാണ് “കേരളീയം” പരിപാടി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടന്ന പരിപാടി ധൂര്‍ത്തെന്നാണ് ആക്ഷേപിക്കപ്പെട്ടത്. ഇതിനുള്ള കോടികള്‍ എവിടെ നിന്നും കണ്ടെത്തും എന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍ 27 കോടി ഖജനാവില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും ബാക്കി തുക സ്പോണ്‍സര്‍മാരില്‍ നിന്നും പിരിക്കുമെന്നുമാണ് വിശദീകരിക്കപ്പെട്ടത്.

ക്വാറി ഉടമകള്‍, ബാര്‍ മുതലാളിമാര്‍, വിവാദ കമ്പനികള്‍ എന്നിവയില്‍ നിന്ന് ഭൂരിഭാഗം പണവും പിരിച്ചുവെന്നാണ് സൂചന. ഇപ്പോള്‍ കേരളീയം കഴിഞ്ഞ് രണ്ട് മാസമാകാറായിട്ടും പൊടിച്ച കോടികളുടെ കണക്കും സ്പോണ്‍സര്‍മാര്‍ ആരെന്നുമുള്ള കാര്യവും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top