കേരളീയം ധൂര്‍ത്തല്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെ എല്ലാ ചിലവും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കില്ല: കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: കേരളീയം പരിപാടി ധൂര്‍ത്തെന്ന വിമര്‍ശനം ശരിയല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വാണിജ്യ സാധ്യതകള്‍ തുറന്നിടാനും കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതിനുമാണ് കേരളീയം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പോസിറ്റീവായ മാറ്റം കേരളീയം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്തിനുളള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തിന് മാത്രമുള്ള അനുഭവമാണെന്നും ധനമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഗാരന്റികളെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ എല്ലാ ചിലവും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കില്ല. അവർക്ക് സ്വയവും ഉത്തരവാദിത്വമുണ്ട്. ചില സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ് അവിടെയെല്ലാം സര്‍ക്കാര്‍ ഗാരന്റി ആദ്യം എടുക്കാന്‍ നോക്കിയാൽ പ്രതിസന്ധി ഗുരുതരമാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.

കെഎസ്ആർടിസിക്ക് അഞ്ചു വര്‍ഷം കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 1530 കോടി നല്‍കിയത്, ആദ്യ പിണറായി സര്‍ക്കാര്‍ 4800 കോടി നല്‍കി. എന്നാല്‍ പ്രാഥമികമായി വായ്പ എടുക്കുന്നത് സ്ഥാപനം തന്നെയാണ്. സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുകയാണ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല. മുടങ്ങികിടക്കുന്ന ക്ഷേമ പെന്‍ഷന്റെ അടുത്ത ഘട്ടം ഉടന്‍ വിതരണം ചെയ്യും. 18 മാസം വരെ പെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്. എന്നാല്‍ ആ സ്ഥിതി ഇനിയുണ്ടാകില്ല. ആദ്യഗഡു ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top