കേരളീയത്തിൽ കല്ലുകടി; RSSനെ ‘സല്യൂട്ട് ചെയ്യുന്ന’ ശങ്കർ മഹാദേവനെ പങ്കെടുപ്പിക്കുമോ? പോസ്റ്ററുകളിൽ നിറഞ്ഞ് ഗായകൻ

ആർ. രാഹുൽ
തിരുവനന്തപുരം: നവംബർ 1 മുതൽ 7വരെ തലസ്ഥാന നഗരത്തിൽ സർക്കാർ ചെലവിൽ നടക്കാൻ പോകുന്ന കേരളീയം 2023 ൻ്റെ പ്രചരണ പോസ്റ്ററുളെപ്പറ്റി വിമർശനം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകളിലെ ഗായകൻ ശങ്കർ മഹാദേവൻ്റെ സാന്നിധ്യമാണ് വിവാദത്തിന് പിന്നിൽ. ഒക്ടോബർ 24 ന് അർഎസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ വിജയ ദശമി ആഘോഷങ്ങളിൽ പങ്കെടുക്കുകയും ആർഎസിഎസിനെയും തലവൻ മോഹന്‍ ഭഗവതിനെയും വാനോളം പുകഴ്ത്തി സംസാരിച്ചതും ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്.
“ഞാന്‍ ആര്‍എസ്‌എസിനെ സല്യൂട്ട് ചെയ്യുകയാണ്. അഖണ്ഡ ഭാരതം എന്ന ആശയത്തിന് വേണ്ടിയും നമ്മുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുവേണ്ടിയും ആര്‍എസ്‌എസ് നല്‍കിയ സംഭാവന മറ്റാരേക്കാളും വലുതാണ്. ആര്‍എസ്‌എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം നിരവധിയാളുകളില്‍ നിന്ന് അഭിനന്ദന കോളുകള്‍ വന്നിരുന്നു” – എന്നായിരുന്നു ശങ്കര്‍ മഹാദേവന്‍റെ പ്രസംഗം.
“ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച സംതൃപ്തി നിറഞ്ഞതായിരുന്നു. ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ക്ഷണം വ്യക്തിപരമായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഒരു ഇന്ത്യന്‍ പൗരന്‍ ആയതിനാല്‍ ഞാന്‍ ഇന്ന് കൂടുതല്‍ അഭിമാനിക്കുന്നു”- ശങ്കർ രാമകൃഷ്ണൻ നാഗ്പൂരിലെ രേഷിംബാഗില്‍ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
സംഘപരിവാർ നേട്ടങ്ങളിൽ അഭിമാന പുളകിതനാകുന്ന ഒരു ഗായകനെ പരിപാടിയിൽ നിന്നും ഒഴിവാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ആർഎസ്എസ് നയങ്ങൾക്കെതിരെ എക്കാലത്തും നിലകൊള്ളുന്നു എന്നവകാശപ്പെടുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ പാർട്ടിയും. എന്നാൽ സംസ്ഥാന സർക്കാർ ചെലവിൽ നടക്കുന്ന, കേരളത്തിൻ്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്ന പരിപാടിയിൽ ശങ്കർ മഹാദേവനെപ്പോലെ ആർഎസ്എസ് മനസുള്ള ഒരാളെ ഉൾപ്പെടുത്തിയതിലും അദ്ദേഹത്തിന്റെ ചിത്രം മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം പങ്കുവെക്കുന്നതിലുമുള്ള പൊരുത്തക്കേടുകളാണ് പുതിയ വിവാദത്തിന് പിന്നിൽ. മന്ത്രിമാരടക്കം ഈ ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന ആക്ഷേപവും വ്യാപകമാണ്.

നവംബർ 7 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളീയത്തിൻ്റെ സമാപന പരിപാടിയിലാണ് ശങ്കർ മഹാദേവൻ പങ്കെടുക്കുന്നത്. ഗായകൻ ആർഎസ്എസ് ആസ്ഥാനത്ത് വെച്ച് നടത്തിയ പരാമർശങ്ങളെപ്പറ്റി അറിയില്ലെന്നും പരിശോധിച്ച ശേഷം പ്രതികരണം അറിയിക്കാമെന്ന് കേരളീയം സ്വാഗത സംഘം ചെയർമാനായ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നിലവിൽ ശങ്കർ മഹാദേവനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മുൻകൂട്ടി തീരുമാനിച്ച പ്രകാരം പരിപാടി നടക്കുമെന്നും അധികൃതർ അറിയിച്ചു. സമാപന ചടങ്ങുകൾക്ക് ശേഷം സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ കാർത്തിക്, സിതാര, ഹരിശങ്കർ, വിധു പ്രതാപ്, റിമി ടോമി എന്നിവർ ഒരുമിച്ചൊരുക്കുന്ന ‘ജയം’ എന്ന മ്യൂസിക്കൽ മെഗാ ഷോയിൽ പങ്കെടുക്കാനാണ് ശങ്കർ മഹാദേവന്‍ തലസ്ഥാനത്തെത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here