കേരളീയം സ്പോൺസർമാരുടെ തനിനിറം; ജിഎസ്ടി കേസുകളുടെ കാര്യം തീരുമാനമായി

സർക്കാരിൻ്റെ കേരളീയം പരിപാടിയുടെ സ്പോൺസർമാരിൽ ഏറെയും സർക്കാരിൻ്റെ തന്നെ ജിഎസ്ടി വകുപ്പിനെതിരെ കേസ് നടത്തുന്നവർ. വൻകിട ജ്വല്ലറികൾ മുതൽ പൊതുമേഖലാ ബാങ്കുകൾ വരെ പട്ടികയിൽ ഉണ്ട്. ഇവർ സർക്കാരിന് കൈ കൊടുത്തതോടെ ഈ കേസുകളുടെ ഭാവി എന്താകുമെന്നും ഇവർക്കെതിരെ ഇനിയെങ്ങനെ നടപടിയുമായി മുന്നോട്ട് പോകുമെന്നുമുള്ള കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ കടുത്ത ആശയക്കുഴപ്പമായി.

ഏറ്റവുമധികം തുകകൾ സംഭാവന ചെയ്തവരെയാണ് പരിപാടിയുടെ സ്പോൺസർമാരായി ഔദ്യോഗികമായി പ്രഖ്യാപിച്ച് വെബ്സൈറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മറ്റു സ്പോൺസർമാരുടെ പേരുകൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് പോലും സർക്കാർ നൽകിയിട്ടുമില്ല.

കല്യാൺ, ഭീമ, ജോസ്കോ ജ്വല്ലറികൾ തുടങ്ങി ഐസിഐസിഐ, കാനറാ ബാങ്കുകൾ വരെ സർക്കാരുമായി കേസ് നടത്തുന്നവരെല്ലാം പ്രമുഖരാണ്. നികുതിവെട്ടിപ്പോ അല്ലെങ്കിൽ സമാനമായ മറ്റ് ഗുരുതര കേസുകളിലോ പെട്ട് കേസ് നടത്തുകയാണ് ഇവരെല്ലാം. ഇങ്ങനെ പ്രതിസ്ഥാനത്തുള്ളവരെ തന്നെയാണ് സർക്കാരിനൊരു കാലക്കേട് വന്നപ്പോൾ സമീപിച്ചത്. വീണുകിട്ടിയ അവസരം മനസിലാക്കി ഇവരെല്ലാം കാര്യമായി തന്നെ പ്രതികരിച്ചു; കൈയ്യയച്ച് തന്നെ സംഭാവന ചെയ്തു. അങ്ങനെയാണ് സർക്കാരിൻ്റെ കൊടികെട്ടിയ പരിപാടിയുടെ മുഖ്യ പ്രായോജകരായി ഇവരുടെയെല്ലാം പേരുകൾ ഈ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിക്കുന്നത്.

തൃശൂർ ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണർ, സ്പെഷൽ സർക്കിളിന് മുന്നിലാണ് കല്യാൺ ജൂവലേഴ്സിന് കേസുള്ളത്. തിരുവനന്തപുരം ഇൻ്റേണൽ ഓഡിറ്റ് അസിസ്റ്റൻറ് കമ്മിഷണറാണ് ഭീമക്കെതിരെ കേസ് നടത്തുന്നത്. ജോസ്കോ ജ്വല്ലറിക്കെതിരെ കോട്ടയത്ത് രണ്ട് കേസുകളാണുള്ളത്. കാനറാ ബാങ്കിനെതിരെ അങ്കമാലിയിലും ഐസിഐസിഐക്കെതിരെ പാലക്കാട്ടുമാണ് കേസ് നിലവിലുള്ളത്. പട്ടികയിൽ പേരുള്ള ശ്രീഗോകുലം ഹൌസിങ് കമ്പനിക്കെതിരെ കോട്ടയത്തും കേരള മിനറൽസ് ആൻഡ് മെറ്റൽസിനെതിരെ കൊല്ലത്തും ജിയോജിത് ഫിനാൻഷ്യൽ സർവീസസിനെതിരെ കേരള അഡ്വാൻസ് റൂളിങ് അതോറിറ്റിക്ക് മുന്നിലുമാണ് കേസുകളുള്ളത്.

ഇവരടക്കം സ്വകാര്യ കമ്പനികളുടെയെല്ലാം വെട്ടിപ്പുകൾ കണ്ടെത്താനും നടപടിയെടുക്കാനും ഔദ്യോഗികമായി ചുമതലയുള്ള ഉദ്യോഗസ്ഥരെ തന്നെ രംഗത്തിറക്കിയായിരുന്നു കേരളീയം പിരിവ് എന്നതാണ് ഏറ്റവും കഷ്ടം. ഇങ്ങനെയെല്ലാം ഏറ്റവുമധികം തുക പിരിച്ച ജിഎസ്ടി ഉദ്യോഗസ്ഥരെ കേരളീയം സമാപനവേദിയിൽ മുഖ്യമന്ത്രി ആദരിക്കുന്ന അത്യപൂർവ സംഭവവും ഉണ്ടായി. ഇതിനെല്ലാം ഒടുവിലാണ് സർക്കാരിനെതിരെ കേസ് നടത്തുന്ന കമ്പനികളിൽ നിന്ന് പോലും പണം പിരിച്ചതിൻ്റെ വിശദാംശങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്. അഴിമതിയോളം ഗുരുതരമായ വീഴ്ചയാണ് ഇതെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top