ബിആർഎസിന് തിരിച്ചടി; മുതിർന്ന നേതാവും രാജ്യസഭാംഗവുമായ കെ. കേശവ റാവു പാർട്ടി വിട്ടു; കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം

ഹൈദരബാദ് : ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) വലിയ തിരിച്ചടി; മുതിർന്ന നേതാവും രാജ്യസഭാംഗവുമായ കെ. കേശവ റാവു പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് കേശവ റാവു പ്രഖ്യാപിച്ചു.

കേശവ റാവുവിനൊപ്പം അദ്ദേഹത്തിൻ്റെ മകളും ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ മേയറുമായ ഗദ്‌വാൾ വിജയലക്ഷ്മിയും ബിആർഎസ് വിട്ടു. മുൻ മന്ത്രി എ. ഇന്ദ്ര കരൺ റെഡ്ഡി, മുൻ എംപി ജി. അരവിന്ദ് റെഡ്ഡി എന്നിവരും കോൺഗ്രസിൽ ചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിആർഎസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെ നേരിൽ കണ്ട് പാർട്ടി വിടുന്ന കാര്യം കേശവ റാവവും മകളും അറിയിച്ചിട്ടുണ്ട്. 53 വർഷത്തോളം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന കേശവ റാവു 2014 ലാണ് ബിആർസിൽ ചേർന്നത്. തെലങ്കാന വികസനത്തിൻ്റെ ഭാഗമാകാൻ വേണ്ടി മാത്രമാണ് താൻ ബിആർഎസിൽ ചേർന്നതെന്ന് രണ്ട് തവണ രാജ്യസഭാംഗമായ റാവു പറഞ്ഞു. തീർത്ഥാടനത്തിനു പോയവർ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് പോലെയാണ് കോൺഗ്രസിലേക്കുള്ള തൻ്റെ മടക്കമെന്നും കേശവ റാവു പ്രതികരിച്ചു.

ബിആർഎസിൽ തുടരുമെന്നും അച്ഛൻ്റെയും സഹോദരിയുടെയും തീരുമാനവുമായി തനിക്ക് ബന്ധമില്ലെന്നും കേശവ റാവുവിൻ്റെ മകൻ വിപ്ലവ് കുമാർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top